
കണ്ണൂര്‍: വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. കണ്ണൂര്‍ ചെണ്ടയാട് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. 70 വയസ്സുണ്ട്.
രാവിലെ പച്ചക്കറികള്‍ക്ക് നനയ്ക്കുന്നതിനിടെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ശ്രീധരന്റെ ശരീരമാസകലം കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

അതേസമയം, കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പ്രശ്നബാധിത പ്രദേശത്തല്ല സംഭവം നടന്നതെന്നും വന്യജീവി ശല്യമില്ലാത്ത സ്ഥലത്തുവെച്ചാണ് കര്‍ഷകന് പന്നിയുടെ കുത്തേറ്റതെന്നും മന്ത്രി പറഞ്ഞു. വനംവകുപ്പിന്റെ ഹോട്ട്സ്പോട്ടില്‍ പെട്ട സ്ഥലമല്ലെന്നും ഉത്തരമേഖല സി.സി.എഫിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.