CrimeNEWS

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കുനേരെ നായ്ക്കുരണപ്പൊടി; ആറുസഹപാഠികളെയും 2 അധ്യാപകരെയും പ്രതികളാക്കി കേസ്

കൊച്ചി: കാക്കനാട് തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. 6 സഹപാഠികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കിയാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത് ഇന്‍ഫോപാര്‍ക്ക് സി ഐ ജെ എസ് സജീവ് കുമാറിന്റെ നിര്‍ദേശപ്രകാരം വനിതാ പൊലീസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു.

സംഭവമുണ്ടായ ശേഷം പിന്തുണ നല്‍കാതെ ക്ലാസിലിരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നതാണ് അധ്യാപകര്‍ക്ക് നേരെ ഉന്നയിച്ച പരാതി. പ്രധാന അധ്യാപിക ജിഷ, ക്ലാസ് ടീച്ചര്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിയാണ് കേസ്. ബോധപൂര്‍വ്വവമുള്ള ഉപദ്രവിക്കല്‍ എന്ന കുറ്റമാണ് ഇവര്‍ക്കെല്ലാവര്‍ക്കും എതിരെ BNS 118 (1), 3(5) വകുപ്പുകളനുസരിച്ച് ചുമത്തിയിരിക്കുന്നത്.

Signature-ad

ഈ മാസം ആദ്യമാണ് തെങ്ങോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കുനേരെ സഹപാഠികള്‍ നായക്കുരണപ്പൊടി എറിഞ്ഞത്. തുടര്‍ന്നിങ്ങോട്ട് അണുബാധമൂലം ദിവസങ്ങളോളം ചികിത്സയിലായിരുന്നു. നായ്ക്കുരണപ്പൊടി വ്യാപിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളെ വരെ ബാധിച്ചു. തുടര്‍ന്ന് മൂത്രമൊഴിക്കാന്‍പോലുമാകാത്ത വിധം കടുത്ത ശാരീരിക അസ്വസ്ഥതകളാണ് ഈ സംഭവം വിദ്യാര്‍ത്ഥിനിയിലുണ്ടാക്കിയത്. ഇതിനുപുറമേ സ്‌കൂളിലെ പ്രശ്‌നങ്ങള്‍ കുട്ടിയെ മാനസികമായും ബാധിച്ചിരുന്നു.

കൗണ്‍സിലിങ് അടക്കം നടത്തിയാണ് കുട്ടി സാധാരണ നിലയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്നത്. നായ്ക്കുരണ പൊടി വിതറിയ സംഭവത്തിനു മുന്‍പ് ക്ലാസ് മുറിയിലെ ഡെസ്‌ക് ഉപയോഗിച്ച് സഹപാഠികള്‍ മുതുകില്‍ ഇടിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച സ്‌കൂളിലും കുട്ടിയുടെ വീട്ടിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ട്രേറ്റിലേയും ഡിഇഒ, എഇഒ ഓഫിസുകളിലേയും ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറ്റിയും വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: