
യു.എ.ഇയിലെ താമസക്കാരെയും ബിസിനസ്സുകാരെയും എന്തിന് യാത്രക്കാരെ പോലും ഒരുപോലെ ബാധിക്കുന്ന സുപ്രധാന നിയമങ്ങളും ചട്ടങ്ങളും 2025 മാർച്ച് മുതൽ പ്രാബല്യത്തിൽ വരുന്നു. റമദാൻ മാസത്തിന് പുറമെ, ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ദുബൈയിലെ പൊതുപാർക്കിംഗ് ഫീസിൽ മാറ്റങ്ങൾ, ഫ്രീലാൻസർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർക്കുള്ള പുതിയ കോർപ്പറേറ്റ് ടാക്സ് ആവശ്യകതകൾ, വൈദ്യുതി-ജല ബില്ലിംഗിൽ മാറ്റങ്ങൾ, ഉയർന്ന കൃത്യതയുള്ള കാലാവസ്ഥാ നിരീക്ഷണം മെച്ചപ്പെടുത്തുന്ന യു.എ.ഇ ഉപഗ്രഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുതിയ ഗതാഗത നിയമം

ആഗോള ഗതാഗതത്തിലെ മാറ്റങ്ങൾക്കനുസരിച്ച് യു.എ.ഇ. അവരുടെ നിയമങ്ങളിൽ മാറ്റം വരുത്തുകയാണ്. പുതിയ നിയമങ്ങൾ അനുസരിച്ച്, 17 വയസ്സുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും. കൂടാതെ, ഇ-ബൈക്ക്, ഇ-സ്കൂട്ടർ തുടങ്ങിയ പുതിയ വാഹനങ്ങളെയും ഗതാഗത നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനമോടിക്കുന്നവർക്കും കാൽനടക്കാർക്കും വേണ്ടിയുള്ള നിയമങ്ങളിലും മാറ്റങ്ങൾ വരുന്നു. മദ്യപിച്ച് വാഹനമോടിച്ചാൽ 100,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. കാൽനടക്കാർ റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധിക്കണം. നിയമം തെറ്റിച്ചാൽ പിഴ കൂടും. അപകടം ഉണ്ടായാൽ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ, 2 വർഷം വരെ തടവും 100,000 ദിർഹം പിഴയും ലഭിക്കും.
ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി 2025 മാർച്ച് അവസാനം മുതൽ പുതിയ പാർക്കിംഗ് നിയമങ്ങൾ നടപ്പാക്കും . തിരക്കുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം കൂട്ടാനാണ് പുതിയ മാറ്റങ്ങൾ. മെട്രോ, ബസ് സ്റ്റേഷനുകൾ, കടകൾ എന്നിവയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ സൗകര്യങ്ങളുള്ള പ്രീമിയം പാർക്കിംഗ് സ്ഥലങ്ങൾ ഉണ്ടാകും.
രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും തിരക്കുള്ള സമയങ്ങളിൽ പ്രീമിയം പാർക്കിംഗിന് മണിക്കൂറിന് 6 ദിർഹം നൽകണം. സാധാരണ പാർക്കിംഗ് സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ മണിക്കൂറിന് 4 ദിർഹമാണ് നിരക്ക്. തിരക്കില്ലാത്ത സമയങ്ങളിൽ പഴയ നിരക്കുകൾ തന്നെ തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്ച മുഴുവനും പാർക്കിംഗ് സൗജന്യമായിരിക്കും.
റമദാനിൽ ദുബൈയിലെ സാലിക് ടോൾ ഗേറ്റ് ഫീസിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ആളുകൾ യാത്ര ചെയ്യുന്ന സമയങ്ങളിലെ മാറ്റം അനുസരിച്ചാണ് ഇത്.
● രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ യാത്ര ചെയ്യുമ്പോൾ ഓരോ തവണയും 6 ദിർഹം നൽകണം.
● രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ രാത്രി 2 വരെയും യാത്ര ചെയ്യുമ്പോൾ 4 ദിർഹം നൽകിയാൽ മതി.
● രാത്രി 2 മുതൽ രാവിലെ 7 വരെ ടോൾ ഫീസ് ഉണ്ടാകില്ല.
2024 ജൂലൈ 31ന് 10 ലക്ഷം ദിർഹത്തിൽ കൂടുതൽ വരുമാനം നേടിയ യുഎഇയിലെ ഫ്രീലാൻസർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും 2025 മാർച്ച് 31ന് മുൻപ് കോർപ്പറേറ്റ് ടാക്സിനായി രജിസ്റ്റർ ചെയ്യണം. ഒറ്റയ്ക്ക് ബിസിനസ് നടത്തുന്നവരും കൂട്ടായി ബിസിനസ് ചെയ്യുന്നവരുമെല്ലാം ഇതിൽ ഉൾപ്പെടും. 2025 സെപ്റ്റംബർ 30നോ അതിനു മുൻപോ കോർപ്പറേറ്റ് ടാക്സ് റിട്ടേൺ സമർപ്പിക്കുകയും വേണം.
വെള്ളത്തിന്റെ ബില്ലിലും മാറ്റം
2025 മാർച്ച് മുതൽ ദുബൈയിൽ വെള്ളത്തിൻ്റെ അളവ് പുതിയ രീതിയിലേക്ക് മാറ്റാൻ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഡിഇഡബ്ല്യുഎ) തീരുമാനിച്ചു. ഇപ്പോൾ വെള്ളത്തിൻ്റെ അളവ് ‘ഇംപീരിയൽ ഗാലൺ’ എന്ന പേരിലാണ് കണക്കാക്കുന്നത്. എന്നാൽ ഇനി മുതൽ ‘ക്യുബിക് മീറ്റർ’ എന്ന രീതിയിലാകും അളക്കുക. ഇത് ലോകം മുഴുവൻ ഉപയോഗിക്കുന്ന രീതിയാണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും.
ഈ മാറ്റം വരുന്നതോടെ വെള്ളത്തിൻ്റെ ബില്ലിൽ കൂടുതൽ വ്യക്തത വരും. ഡിഇഡബ്ല്യുഎയുടെ സ്മാർട്ട് മീറ്ററുകൾ ഇപ്പോൾ തന്നെ ക്യുബിക് മീറ്ററിൽ അളക്കാൻ കഴിയും. മാർച്ച് മാസത്തെ ബില്ല് മുതൽ ക്യുബിക് മീറ്ററിൽ മാത്രമാകും കാണിക്കുക