
കണ്ണൂര്‍: മുള്ളന്‍പന്നി ഓട്ടോറിക്ഷയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊളച്ചേരി വിജയനാണ് ചികിത്സയിലിരിക്കേ മരിച്ചത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കണ്ണാടിപ്പറമ്പ് പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് ഓട്ടോ അപകടത്തില്‍പ്പെടാനുണ്ടായ സംഭവമുണ്ടായത്. രാത്രി പത്തരയോടെയായിരുന്നു അപകടം. അന്നേ ദിവസത്തെ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു വിജയന്‍. ഇദ്ദേഹം ഓടിച്ചിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍പന്നി ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അപകടത്തില്‍ വിജയന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. കണ്ണാടിപ്പറമ്പ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ മുള്ളന്‍പന്നികളുടേയും കാട്ടുപന്നികളുടേയും ആക്രമണം രൂക്ഷമായിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ വിജയന്റെ മരണവും സംഭവിച്ചിരിക്കുന്നത്.