
തിരുവനന്തപുരം: ഭാര്യാ സഹോദരന്റെ 13 വയസ്സുള്ള മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ അറുപതു വയസ്സുകാരന് 50 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ശിക്ഷ വിധിച്ചത്.
കുട്ടിയുടെ കുടുംബവുമായി വളരെ അടുപ്പവും സ്വാതന്ത്യവും പുലര്‍ത്തിയിരുന്ന പ്രതി ഒരു വര്‍ഷക്കാലത്തോളം കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഓണത്തിന് പ്രതിയുടെ വീട്ടിലേക്കു പോകണമെന്ന് മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ കുട്ടി വിമുഖതയും ദേഷ്യവും കാണിച്ചതിനെ തുടര്‍ന്ന് അമ്മൂമ്മ കാര്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്.

അടുത്ത ബന്ധുവെന്ന നിലയില്‍ കുട്ടിക്കും കുടുംബത്തിനും പ്രതിയില്‍ ഉണ്ടായിരുന്ന വിശ്വാസം മുതലെടുത്താണ് കുട്ടിയോട് ഇത്തരത്തില്‍ ക്രൂരത കാണിച്ചതെന്നും പ്രതി യാതൊരു വിധത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഐ എ.അജിചന്ദ്രന്‍ നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത്പ്രസാദ്, വി.സി.ബിന്ദു എന്നിവര്‍ ഹാജരായി.