
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അഫാന്‍ എന്ന 23 കാരന്‍ സ്വന്തം സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ ലത്തീഫ് (60), ഭാര്യ സജിതാ ബീവി (55), പിതാവിന്റെ മാതാവ് സല്‍മാബീവി (95), പെണ്‍സുഹൃത്ത് ഫര്‍സാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാന്‍ തന്റെ മാതാവിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്തിനാണ് പ്രതി ഇത് ചെയ്തത്, എങ്ങനെയാണ് ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തതയില്ല.
അഫാന്‍ അധികം ആരോടും സംസാരിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാണുമ്പോള്‍ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. അഫാന് ഏറ്റവും പ്രിയം സിനിമകളായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പല സിനിമകളിലെ സംഭവങ്ങളും ജീവിതത്തില്‍ അനുകരിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മര്‍ദിച്ചു. തുടര്‍ന്ന് ചെരിപ്പ് ഇടാതെ നടക്കുകയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരിപ്പ് ധരിക്കുകയുള്ളുവെന്നും അഫാന്‍ പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.

2016ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ ഇതിവൃത്തവും ഇതുതന്നെയായിരുന്നു. നായകനെ വില്ലന്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് നായകന്‍ തിരിച്ചടിക്കുവരെ ചെരിപ്പ് ഇടാതെ നടക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ രംഗങ്ങളെ ഇത്രയും ജീവിതത്തില്‍ അനുകരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ കൂട്ടക്കൊലപാതകത്തിന് പിന്നിലും ഇത്തരത്തില്‍ സിനിമ ശൈലി പിന്‍തുടര്‍ന്നിട്ടുണ്ടോയെന്നാണ് നാട്ടുകാരുടെ സംശയം.