
തിരുവനന്തപുരം: കുഞ്ഞനുജനെയും സുഹൃത്തിനെയും അമ്മൂമ്മയെയുമൊക്കെ കൊല്ലാന്‍ അഫാന്‍ എന്തുകൊണ്ട് ചുറ്റിക തിരഞ്ഞെടുത്തു? ആറുപേര്‍ക്കു നേരേ ആക്രമണമുണ്ടായിട്ടും എന്തുകൊണ്ട് അവരുടെ നിലവിളിപോലും ആരും കേട്ടില്ല? ഒറ്റയടിക്കുതന്നെ ജീവനെടുക്കുകയെന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ പ്രതികരിക്കാനാകാത്തത് നിലവിളിപോലും ഇല്ലാതാക്കി. ശാരീരികമായും മാനസികമായും തന്നെക്കാള്‍ ശക്തി കുറഞ്ഞവര്‍ക്കുനേരേ ഇത്തരമൊരു ആയുധമുപയോഗിക്കുമ്പോള്‍ അതിന്റെ ആഘാതം വലുതായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞോ മറ്റോ കിട്ടിയ വിവരങ്ങളനുസരിച്ചാകാം അഫാന്‍ ചുറ്റിക ആയുധമായി തിരഞ്ഞെടുത്തതെന്നും സംശയിക്കുന്നു.
ചുറ്റികയുടെ ഭാരവും അതുപയോഗിക്കുന്ന വേഗവുമാണ് ആഘാതം നിര്‍ണയിക്കുന്നത്. പിടിയുടെ നീളവും ആഘാതം എങ്ങനെയായിരിക്കുമെന്നതിന്റെ ഘടകമാണ്. ചുറ്റിക പതിക്കുന്നിടത്തു മാത്രം ശക്തമായ ആഘാതമുണ്ടാവുകയും പരിക്ക് മാരകമാവുകയും ചെയ്‌തേക്കാം. തലയിലും മറ്റും ഇത്തരത്തില്‍ ചുറ്റിക പതിച്ചാല്‍ തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങള്‍ പ്രതി മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ചുറ്റിക ആയുധമായി ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ വളരെ കുറവാണെന്ന് മുന്‍ പോലീസ് സര്‍ജനും മെഡിക്കോ ലീഗല്‍ വിദഗ്ദ്ധനുമായ ഡോ. പി.ബി.ഗുജ്റാള്‍ പറഞ്ഞു. ശക്തമായ അടിയില്‍ തല്‍ക്ഷണം ബോധം നഷ്ടമാവുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകളുടെ പ്രായവും പ്രതിരോധിക്കാനുള്ള സാധ്യതക്കുറവും ഈ ആയുധം തിരഞ്ഞെടുക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചിരിക്കാം. കൊടുംകുറ്റവാളികളും മറ്റും വിവിധ ആക്രമണങ്ങള്‍ക്ക് ഒരേ രീതിയിലുള്ള ആയുധങ്ങളുപയോഗിക്കുന്നതു സംബന്ധിച്ച തെളിവുകളുണ്ട്. തലയോട്ടിയില്‍ ചുറ്റികയുപയോഗിച്ച് അടിയേല്‍ക്കുന്നതു സംബന്ധിച്ച പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.