KeralaNEWS

ചുങ്കത്തറയില്‍ അവിശ്വാസം: എല്‍.ഡി.എഫ്- യു.ഡിഎഫ് സംഘര്‍ഷം; ഇത് ചെറിയ സമ്മാനമെന്ന് അന്‍വര്‍, ‘വലുത് വേറെയുണ്ട്’

മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായി സംഘര്‍ഷം. എല്‍.ഡി.എഫ്-യു.ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തിവീശി.

എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തുകയായിരുന്നു. യു.ഡി.എഫ്. പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍, കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ ഷൗക്കത്ത്, വി.എസ്. ജോയ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയത്. ഇവരെ തടയാന്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

Signature-ad

എല്‍.ഡി.എഫ്. ഭരിക്കുന്ന ചുങ്കത്തറയില്‍ യു.ഡി.എഫാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കും പത്ത് വീതം അംഗങ്ങളാണ് ഭരണസമിതിയിലുണ്ടായിരുന്നത്. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എല്‍.ഡി.എഫിനൊപ്പമായിരുന്ന അന്‍വര്‍ ഇടപെട്ട് ഒരു യു.ഡി.എഫ്. അംഗത്തെ കൂറുമാറ്റി എല്‍.ഡി.എഫ്. ഭരണം പിടിക്കുകയായിരുന്നു.

ഈ അംഗത്തെ അയോഗ്യനാക്കിയെങ്കിലും എല്‍.ഡി.എഫ്. ഭരണം തുടരുകയായിരുന്നു. ഇതിനിടെയാണ് അവിശ്വാസ പ്രമേയവുമായി യു.ഡി.എഫ് എത്തുന്നത്. അന്‍വര്‍ ഇടപെട്ട് ഒരു എല്‍.ഡി.എഫ്. അംഗത്ത കൂറുമാറ്റി എന്നാണ് ഇടതുമുന്നണിയുടെ ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി കണ്‍വീനറുടെ ഭാര്യയും ചുങ്കത്തറ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായ നുസൈബ കൂറുമാറും എന്ന് എല്‍.ഡി.എഫ്. ആരോപിക്കുന്നത്.

പഞ്ചായത്ത് ഭരണത്തിലെ അഴിമതിക്കെതിരെയാണ് യു.ഡി.എഫ്. അവിശ്വാസ പ്രമേയമെന്ന് പി.വി. അന്‍വര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാനാണ് എല്‍.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് തീരുമാനിച്ചത്. അവര്‍ വോട്ട് ചെയ്യാന്‍ വരുന്നത് തടയാനായുള്ള വലിയ ശ്രമം രണ്ടുദിവസമായി നടക്കുകയാണ്. നേതാക്കന്മാരെ ആക്രമിക്കാനും സാധിച്ചാല്‍ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘അന്‍വര്‍ അധ്വാനിച്ച് ഉണ്ടാക്കി കൊടുത്ത കുറേ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളുമുണ്ട്. അവിടെ ജയിച്ച മനുഷ്യര്‍ പ്രതികരിക്കും. യു.ഡി.എഫ്. ശക്തമായൊരു തീരുമാനമെടുത്താല്‍ കേരളത്തിലെ 21 പഞ്ചായത്തുകളും മൂന്ന് മുന്‍സിപ്പാലിറ്റികളും പോകും. ഇത് യു.ഡി.എഫിനുള്ള ചെറിയ സമ്മാനമാണ്. വലിയ സമ്മാനം വേറെ വരാനുണ്ടാകും.’ -അന്‍വര്‍ പറഞ്ഞു.

പി.വി. അന്‍വറിനെ യു.ഡി.എഫ്. സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ‘പി.വി. അന്‍വറിനെ വ്യക്തിപരമായി ക്രൂശിക്കാനും ആക്രമിക്കാനും ഡി.വൈ.എഫ്.ഐയും സി.പി.എമ്മും എല്‍.ഡി.എഫും ശ്രമിക്കുകയാണ്. അതിന് ഞങ്ങള്‍ അനുവദിക്കില്ല. അന്‍വറിന് വേണ്ട സംരക്ഷണം യു.ഡി.എഫ്. കൊടുക്കും.’ -ഷൗക്കത്ത് വ്യക്തമാക്കി.

‘ചുങ്കത്തറ മാത്രമല്ല, നിലമ്പൂര്‍ മണ്ഡലത്തിലെ പല പഞ്ചായത്തുകളും എല്‍.ഡി.എഫ്. അട്ടിമറിച്ചാണ് ഭരണം പിടിച്ചത്. ചുങ്കത്തറയിലെ യഥാര്‍ഥ ജനവിധി യു.ഡി.എഫിന് അനുകൂലമായിരുന്നു. ഇവിടെ യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റുണ്ടായിരുന്നു. ഇവിടെ ഭരണം അട്ടിമറിക്കപ്പെട്ടതാണ്. അതിന് തിരിച്ച് ഒരു അട്ടിമറി. അത്രയേ ഉള്ളൂ ഇത്.’ -ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: