KeralaNEWS

തദ്ദേശ വാര്‍ഡ് തിരഞ്ഞെടുപ്പ്: 15 സീറ്റുകളില്‍ എല്‍ഡിഎഫ്, 12 ഇടത്ത് യുഡിഎഫിന് വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. 15 സീറ്റുകളില്‍ എല്‍ഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു. കാസര്‍കോട് ജില്ലയില്‍ മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോഴിക്കോട് പുറമേരി പഞ്ചായത്ത് വാര്‍ഡ് (14) കുഞ്ഞല്ലൂര്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പുതിയോട്ടില്‍ അജയനാണ് വിജയിച്ചത്. 20 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.

കരുളായി പഞ്ചായത്തിലെ ചക്കിട്ടാമല വാര്‍ഡില്‍ യുഡിഎഫിനു വന്‍ വിജയം. കഴിഞ്ഞ തവണ 68 വോട്ടിനു ജയിച്ച വാര്‍ഡില്‍ ഇത്തവണ ലീഗ് സ്ഥാനാര്‍ഥി ജയിച്ചതു 397 വോട്ടിന്റെ ഭൂരിപക്ഷത്തിന്. നിലമ്പൂര്‍ മണ്ഡലത്തിലുള്‍പ്പെടുന്ന പഞ്ചായത്താണു കരുളായി. തിരുനാവായ പഞ്ചായത്തിലെ എടക്കുളം സീറ്റ് യുഡിഎഫ് എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 2 വോട്ടിനു തോറ്റ സീറ്റ് 260 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ജില്ലയില്‍ ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിലും യുഡിഎഫ് വിജയിച്ചു.

Signature-ad

കോട്ടയം രാമപുരം പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.ആര്‍. രജിത 236 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി കെ.ആര്‍.അശ്വതി രണ്ടാമതെത്തി. എല്‍ഡിഎഫ് സ്വതന്ത്രയായി മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി മോളി ജോഷി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഷൈനി സന്തോഷ് പിന്നീട് എതിര്‍പക്ഷത്തേക്ക് കൂറുമാറിയിരുന്നു. ഷൈനിയെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.

കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ അശോകന്‍ മരിച്ചതിനെ തുടര്‍ന്ന് മൂന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു ജയം. ശരണ്യ സുരേന്ദ്രന്‍ 499 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ക്ലാപ്പന പഞ്ചായത്ത് പ്രയാര്‍ തെക്ക് രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയാ ദേവി 277 വോട്ടിന്റെ ദൂരിപക്ഷത്തില്‍ വിജയിച്ചു

ആലപ്പുഴ ജില്ലയില്‍ ഉപതിരഞ്ഞെടുപ്പു നടന്ന മുട്ടാര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ യുഡിഎഫും കാവാലം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫും സീറ്റ് നിലനിര്‍ത്തി. മുട്ടാറില്‍ യുഡിഎഫിനായി മത്സരിച്ച കേരള കോണ്‍ഗ്രസിലെ ബിന്‍സി ഷാബു 15 വോട്ടിനു വിജയിച്ചു. കാവാലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി.മംഗളാനന്ദന്‍ 171 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.

കുട്ടനാട് മുട്ടാര്‍ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് വിജയം. യുഡിഎഫിനായി കേരള കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ച ബിന്‍സി ഷാബു 15 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 199 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലൈല രാജുവിനു 174 വോട്ടും ബിജെപി സ്ഥാനാര്‍ഥി സ്വപ്ന സുദര്‍ശന് 71 വോട്ടും ലഭിച്ചു.

യുഡിഎഫിന്റെ സീറ്റിങ് സീറ്റ് ആയ മൂന്നാം വാര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി കൂറുമാറി എല്‍ഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഇതിനെതിരെ യുഡിഎഫ് നല്‍കിയ പരാതിയില്‍ കൂറുമാറിയ ലിനി ജോളിക്കു അയോഗ്യത കല്‍പിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂറുമാറിയ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബന്‍ ജോസിനെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കിയെങ്കിലും ബോബന്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. മുണ്ടൂര്‍ 12-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍എഡിഎഫ് സ്ഥാനാര്‍ഥി പ്രശോഭ് 346 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

പത്തനംതിട്ടയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അയിരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. 116 വോട്ടിനാണു ജയം. പുറമറ്റം പഞ്ചായത്തില്‍ 152 വോട്ടിനു വിജയിച്ച് എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. പത്തനംതിട്ട നഗരസഭയില്‍ കഴിഞ്ഞ തവണ യുഡിഎഫ് വിമത ജയിച്ച സീറ്റില്‍ ഇത്തവണ എല്‍ഡിഎഫ് 3 വോട്ടിനു വിജയിച്ചു.

ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 17,982 പുരുഷന്മാരും 20,937 സ്ത്രീകളും ഉള്‍പ്പെടെ ആകെ 38,919 പേര്‍ (65.83%) വോട്ട് രേഖപ്പെടുത്തി. 87 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണു വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: