CrimeNEWS

എട്ടു വര്‍ഷത്തെ ഇടവേള; തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കുരുതി, അന്ന് കേഡല്‍

തിരുവനന്തപുരം: എട്ടു വര്‍ഷത്തിനുശേഷം വീണ്ടുമൊരു പൈശാചികമായ കൂട്ടക്കൊലയുടെ വാര്‍ത്ത കേട്ട് തലസ്ഥാനം നടുങ്ങിയിരിക്കുകയാണ്. ഇന്നലെ വെഞ്ഞാറമൂടാണ് ദാരുണ കൊലപാതകങ്ങള്‍ നടന്നതെങ്കില്‍ അന്ന് കൊലപാതകങ്ങള്‍ നടന്നത് നഗരഹൃദയത്തോടു ചേര്‍ന്ന നന്ദന്‍കോട്ടായിരുന്നു.

2017 ഏപ്രില്‍ ഒമ്പതിന് കേഡല്‍ ജീന്‍സണ്‍ രാജ എന്ന ചെറുപ്പക്കാരനാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. നന്ദന്‍കോട്ട് ക്ലിഫ് ഹൗസിനു സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ എം.ബി.ബി.എസ് ബിരുദധാരിയായ കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷന്റെ പേരിലായിരുന്നു കൊലപാതകങ്ങള്‍ നടത്തിയത്.

Signature-ad

ഡോ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ ഡോ.കരോലിന്‍, ജീന്‍ പത്മയുടെ ബന്ധു ലളിത എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. വിദേശത്ത് മെഡിസിന്‍ പഠനം നടത്തുന്നതിനിടെയാണ് ആസ്ട്രല്‍ പ്രൊജക്ഷനിലേക്ക് കേഡല്‍ ആകൃഷ്ടനായത്. കേസ് വിചാരണയിലാണ്.

മനോരോഗിയായ തന്നെ വെറുതെ വിടണമെന്ന പ്രതിയുടെ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ നേരിടാന്‍ പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയിരുന്നു.

പൈശാചികമായ കൂട്ടക്കൊലയ്ക്ക് ശേഷവും പുഞ്ചിരിയോടെയാണ് കേഡല്‍ തെളിവെടുപ്പിനെത്തിയത്. കേഡല്‍ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. ഇയാള്‍ക്ക് മാനസികാരോഗ്യ ചികിത്സയും നല്‍കിയിരുന്നു. സെല്ലിലെ സഹതടവുകാരനെയും കേഡല്‍ ആക്രമിച്ചിരുന്നു. അടുത്തിടെ ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടു.

കോടികളുടെ സ്വത്തവകാശിയായിരുന്നു കേഡല്‍. നന്ദന്‍കോട്ടെ ഇവരുടെ വീടിപ്പോള്‍ പ്രേതാലയം പോലെ അനാഥമാണ്. വിചാരണഘട്ടത്തില്‍ കേഡല്‍ കുറ്റം നിഷേധിച്ചിരുന്നു.

 

Back to top button
error: