
ഇന്നലെ (തിങ്കൾ) സന്ധ്യയോടെ തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലേക്ക് പേരുമല സ്വദേശിയായ അഫാന്‍ എന്ന യുവാവ് എത്തുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട്, താന്‍ 6 പേരെ കൊലപ്പെടുത്തിയതായി അയാൾ അറിയിച്ചു. അമ്പരന്ന് പോയ നിമിഷങ്ങള്‍. കൊലനടത്തിയ സ്ഥലങ്ങളും 23 കാരനായ ആ യുവാവ് പൊലീസിനെ ധരിപ്പിച്ചു. ഉടൻ ആറ്റിങ്ങല്‍ ഡിവൈഎസ്പിയെ പൊലീസുകാര്‍ വിവരമറിയിച്ചു. ഡിവൈഎസ്പി സ്‌റ്റേഷനിലേക്ക് പാഞ്ഞെത്തി. തുടര്‍ന്ന് 3 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലേക്കും സന്ദേശങ്ങള്‍ പാഞ്ഞു. അഫാന്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണോ എന്നാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. 5 പേരുടെ മരണവും സ്ഥിരീകരിച്ചു. പേരുമലയില്‍ 3 പേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ 2 പേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും കണ്ടെത്തി. 2 മണിക്കൂറിനിടെ 3 വീടുകളിലായി 6 പേരെയാണ് യുവാവ് വെട്ടിയത്. അതിൽ 5 പേർ കൊല്ലപ്പെട്ടു ഒരാൾ ചികിത്സയിലും. രാവിലെ മുതലാണ് ഇയാള്‍ കൊലപാതക പരമ്പര നടത്തിയതെന്നാണ് പ്രാഥമിക വിവരം.
സാമ്പത്തിക പ്രതിസന്ധിയാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നാണു റിപ്പോര്‍ട്ട്. പിതാവിനൊപ്പം വിദേശത്തായിരുന്ന അഫാൻ അടുത്തിടെയാണു നാട്ടില്‍ തിരിച്ചെത്തിയത്. കല്ലറ പാങ്ങോടെത്തി പിതാവിന്റെ അമ്മ സല്‍മാ ബീവിയെയാണ് (88) ഇയാൾ ആദ്യം തലയ്ക്കടിച്ചു കൊന്നത്. പിന്നീട് പുല്ലമ്പാറ ആലമുക്കിലെത്തി പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെയും വെട്ടിക്കൊന്നു.

പിന്നീട് പേരുമലയിലെ സ്വന്തം വീട്ടിലെത്തി അനിയന് ഭക്ഷണം വാങ്ങി നല്‍കിയ ശേഷം അമ്മ ഷമീന, 3 ദിവസമായി വീട്ടിൽ താമസിച്ചിരുന്ന കൂട്ടുകാരി ഫര്‍ഷാന, സഹോദരന്‍ അഫ്‌സാന്‍ (13), എന്നിവരെ ആക്രമിച്ചു. കാന്‍സര്‍ രോഗിയായ അമ്മ ഷമീന ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടേറ്റ സഹോദരനും പെണ്‍കുട്ടിയും മരിച്ചു. കൊലപാതകത്തിനു ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടാണു പ്രതി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. കൂട്ടക്കൊലപാതകം നടത്തിയെന്നും താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.
പൊലീസ് എത്തുമ്പോഴാണ് ഇങ്ങനൊരു ക്രൂരകൃത്യം നടന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. പൊലീസ് എത്തിയപ്പോൾ അഫാന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ചാണ് അകത്തു കടന്നത്. കത്തി കൊണ്ട് കുത്തിയാണു കൊന്നതെന്നു പറഞ്ഞ പ്രതി, ചുറ്റിക കൊണ്ടു തലയ്ക്കടിച്ചെന്നും പറയുന്നുണ്ട്.
പിതാവിനൊപ്പം വിദേശത്തായിരുന്ന അഫാൻ അടുത്തിടെയാണു നാട്ടില്‍ തിരിച്ചെത്തിയത്. അഫാന്റെ കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നു പൊലീസ്. പാങ്ങോട് താമസിക്കുന്ന, പിതാവിന്റെ അമ്മയോടു പണയം വയ്ക്കാനായി അഫാന്‍ പലവട്ടം സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സല്‍മാബീവി സ്വര്‍ണം നല്‍കിയില്ല. തിങ്കളാഴ്ച വീട്ടിലെത്തിയ അഫാന്‍ മുത്തശ്ശിയെ കൊന്നു സ്വര്‍ണം കൈക്കലാക്കി. വെഞ്ഞാറമൂട്ടിലെത്തി ഇതു പണയം വച്ചതായി കണ്ടെത്തി. പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.