KeralaNEWS

ജ്യാമാപേക്ഷ തള്ളി; പി.സി. ജോര്‍ജ് ജയിലിലേക്ക്, മാര്‍ച്ച് 10 വരെ റിമാന്‍ഡില്‍

കോട്ടയം: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ റിമാന്‍ഡുചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, മാര്‍ച്ച് 10 വരെയാണ് പിസിയെ റിമാന്‍ഡുചെയ്തിരിക്കുന്നത്. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോര്‍ജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. ആ സമയം കഴിഞ്ഞാല്‍ പി.സി.യെ വീണ്ടും മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡി സമയം അവസാനിച്ചാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്നാല്‍, കോടതി അതിനുമുന്‍പേ അപേക്ഷ പരിഗണിക്കുകയായിരുന്നു.

Signature-ad

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവില്‍ പോയ പി.സി. ജോര്‍ജ് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.

മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയത്. മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറയുകയുണ്ടായി. സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി. ജോര്‍ജിനെ മുമ്പും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: