
ന്യൂഡല്‍ഹി: പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേള കാണാന്‍ ഭാര്യയേയും കൂട്ടിയെത്തിയ യുവാവ് ഹോട്ടല്‍മുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറത്തുകൊന്നു. മഹാകുംഭമേളയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി വീട്ടിലുള്ള മക്കള്‍ക്കയച്ചു കൊടുത്തതിനുശേഷമായിരുന്നു കൊലപാതകം. ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ നിന്നുള്ള അശോക് കുമാറാണ് ഭാര്യ മീനാക്ഷിയെ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയെ തിരക്കിനിടയില്‍ കാണാതായി എന്നും മക്കളെ ഇയാള്‍ അറിയിച്ചിരുന്നു. തന്റെ വിവാഹേതരബന്ധമാണ് കൊലപാതകത്തിന് പ്രേരകമായതെന്ന് അശോക് കുമാര്‍ പോലീസിന് മൊഴി നല്‍കി. ഫെബ്രുവരി 18 നാണ് സംഭവം.
ഫെബ്രുവരി 19ന് ആസാദ് നഗര്‍ കോളനിയിലെ കുംഭമേളയ്ക്കെത്തുന്ന സന്ദര്‍ശകര്‍ക്കായി ഉപയോഗിച്ചുവരുന്ന ഹോംസ്റ്റേയിലെ കുളിമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ നാല്‍പതുവയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായുള്ള ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പോലീസെത്തിയത്. സ്ത്രീയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുറിവേല്‍പിച്ചതായി പോലീസ് കണ്ടെത്തി. തലേദിവസം ഒരു പുരുഷനോടൊപ്പമാണ് കൊല്ലപ്പെട്ട സ്ത്രീ എത്തിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ പോലീസ് മനസ്സിലാക്കി. തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഹോംസ്റ്റേയുടെ മാനേജര്‍ ദമ്പതിമാര്‍ക്ക് താമസം അനുവദിച്ചത്. മാനേജറാണ് പിറ്റേദിവസം രാവിലെ മൃതദേഹം ആദ്യം കണ്ടത്.

ഫെബ്രുവരി 18ന് ഭര്‍ത്താവുമൊത്ത് മീനാക്ഷി ഡല്‍ഹിയില്‍നിന്ന് പ്രയാഗ്രാജിലേക്ക് യാത്ര ചെയ്തതായി പോലീസ് കണ്ടെത്തി. സാമൂഹികമാധ്യമങ്ങളിലൂടെയും വര്‍ത്തമാനപത്രങ്ങളിലൂടെയും സ്ത്രീയുടെ ചിത്രം പോലീസ് നല്‍കി. ഫെബ്രുവരി 21 ന് മീനാക്ഷിയുടെ ബന്ധുക്കള്‍ പോലീസുമായി ബന്ധപ്പെട്ടതോടെയാണ് മീനാക്ഷിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. മീനാക്ഷിയെ അന്വേഷിച്ച് സഹോദരന്‍ പ്രവേശ് കുമാറും മീനാക്ഷിയുടെ രണ്ട് ആണ്‍മക്കള്‍-അശ്വനിയും ആദര്‍ശും പ്രയാഗ്രാജിലെത്തി. ഇവര്‍ പോലീസുമായി ബന്ധപ്പെട്ടതോടെ മീനാക്ഷിയാണ് മരിച്ചതെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചു.
തുടര്‍ന്ന് അശോക് കുമാറിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്താന്‍ മൂന്ന് മാസമായി പദ്ധതി തയ്യാറാക്കി വരികയായിരുന്നുവെന്ന് അശോക് കുമാര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അശോക് കുമാര്‍ ശുചീകരണതൊഴിലാളിയാണ്. ഭാര്യയെ ഒഴിവാക്കി വിവാഹേതരബന്ധം തുടരുന്നതിനാണ് ഇയാള്‍ മീനാക്ഷിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
ഫെബ്രുവരി 17നാണ് അശോക് കുമാര്‍ മീനാക്ഷിയുമായി ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ടത്. അടുത്തദിവസം ഝുന്‍സിയിലെത്തിയ ദമ്പതിമാര്‍ ഹോംസ്റ്റേയിലെത്തി. അവിടെവെച്ച് ഇരുവരും തമ്മില്‍ കലഹമുണ്ടായി. തുടര്‍ന്ന് കുളിമുറിയിലേക്ക് പോയ മീനാക്ഷിയെ പിന്തുടര്‍ന്നെത്തിയ പ്രതി പിന്നില്‍നിന്ന് കടന്നുപിടിച്ച് കഴുത്തറക്കുകയായിരുന്നു. ചോര പുരണ്ട വസ്ത്രങ്ങള്‍ മാറ്റി, ആയുധം ഒളിപ്പിച്ച് പുറത്തിറങ്ങിയ ഇയാള്‍ വസ്ത്രങ്ങളും ആയുധവും രഹസ്യമായി ഉപേക്ഷിച്ചു. തുടര്‍ന്ന് മകനെ വിളിച്ച് മീനാക്ഷിയെ ജനക്കൂട്ടത്തില്‍ കാണാതായെന്നറിയിച്ചു. മീനാക്ഷിയെ തിരഞ്ഞതായും കണ്ടുകിട്ടിയില്ലെന്നും ഇയാള്‍ മക്കളെ ധരിപ്പിച്ചു. അച്ഛന്റെ വിശദീകരണത്തില്‍ അവിശ്വാസം തോന്നിയ മക്കള്‍ പ്രയാഗ്രാജിലേക്ക് പുറപ്പെട്ടതിനിടെയാണ് പോലീസ് നല്‍കിയ പരസ്യം ശ്രദ്ധയില്‍പെടുന്നത്.
കൊലപാതകത്തിനുമുന്‍പ് മീനാക്ഷിയുമൊത്ത് ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുന്നതിന്റെ വീഡിയോ അശോക് കുമാര്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.