IndiaNEWS

‘ഡല്‍ഹിയില്‍ ജനങ്ങളുടെ ശബ്ദമായി ആംആദ്മി മാറും’; പ്രതിപക്ഷനേതാവായി അതിഷിയെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ആംആദ്മി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷി മര്‍ലീനയെ ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തു. ഇത് ആദ്യമായാണ് ഡല്‍ഹിയില്‍ പ്രതിപക്ഷനേതാവായി ഒരു വനിതയെ തിരഞ്ഞെടുക്കുന്നത്. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്തത്. സഞ്ജീവ് ത്സാ എംഎല്‍എയാണ് അതിഷിയുടെ പേര് നിര്‍ദ്ദേശിച്ചത്.

അതിഷി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ‘എന്നില്‍ വിശ്വാസമര്‍പ്പിച്ച ആംആദ്മിയുടെ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിനും പാര്‍ട്ടിക്കും നന്ദി. ജനങ്ങളുടെ ശബ്ദമായി നിയമസഭയില്‍ ആംആദ്മി മാറും. ബിജെപി പ്രഖ്യാപിച്ച എല്ലാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും പാലിക്കപ്പെടാന്‍ ഞങ്ങള്‍ വഴിയൊരുക്കും’- അവര്‍ പറഞ്ഞു. അതേസമയം, ഡല്‍ഹി നിയമസഭയില്‍ ആദ്യ സമ്മേളനം നാളെ ആരംഭിക്കും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍, മുന്‍ സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ചുളള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒഫ് ഇന്ത്യ (സിഎജി) റിപ്പോര്‍ട്ടുകള്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.

Signature-ad

ഫെബ്രുവരി 5ന് നടന്ന തിരഞ്ഞെടുപ്പില്‍ 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണവും നേടിയാണ് ബിജെപി തലസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ വന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 22 സീറ്റുകളാണ് ലഭിച്ചത്, കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. കല്‍ക്കാജി നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിധൂരിയെയ പരാജയപ്പെടുത്തിയാണ് അതിഷി നിയമസഭയില്‍ എത്തിയത്. ആംആദ്മിയെ പ്രമുഖ നേതാക്കളായ അരവിന്ദ് കേജ്രിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടത് പാര്‍ട്ടിയെ കടുത്ത ക്ഷീണത്തിലാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: