
കോഴിക്കോട്: പേരാമ്പ്രയില്‍ പതിനാറുകാരനെ തട്ടിക്കൊണ്ടു പോയത് ഒന്നാം പ്രതിയുടെ മകളെ പ്രണയിച്ചതിനാണെന്ന് പ്രതികളുടെ മൊഴി. പേടിപ്പിക്കുക മാത്രമാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ജനുവരി 11 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കേസില്‍ കുറ്റ്യാടി സ്വദേശികളായ മുനീര്‍, മുഫീദ്, ബഷീര്‍, നാദാപുരം വേളം സ്വദേശി ജുനൈദ് എന്നിങ്ങനെ നാലുപേരാണ് അറസ്റ്റിലായത്. ജനുവരി 11 പതിനാറുകാരനെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബലംപ്രയോഗിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി കുറ്റ്യാടിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പാര്‍പ്പിക്കുകയും, ഇരുമ്പു വടി കൊണ്ട് മര്‍ദ്ദിച്ചുവെന്നുമായിരുന്നു പരാതി.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. ഒന്നാം പ്രതി മുനീറിന്റെ മകളെ പ്രേമിച്ചതാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് മൊഴി. വളരെ നാടകീയമായിട്ടാണ് കുട്ടിയെ രക്ഷിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.