
ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ചനടത്തിയ സംഭവത്തില്‍ ആസൂത്രണം നടത്തിയത് വീട്ടില്‍ത്താമസിച്ച യുവതിതന്നെയെന്നു സൂചന. നാലുമാസംമുന്‍പ് ക്ഷേത്രത്തില്‍വെച്ച് പരിചയപ്പെട്ട യുവതി കൃഷ്ണമ്മ ഒറ്റയ്ക്കാണു താമസിക്കുന്നതെന്നു മനസ്സിലാക്കി ഇവരോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെട്ട് സ്‌നേഹാന്വേഷണം നടത്തി വിശ്വാസം പിടിച്ചുപറ്റി. കൃഷ്ണമ്മയുടെ ആവശ്യകതയും രോഗാവസ്ഥയും മനസ്സിലാക്കി അനുഭാവപൂര്‍വം സംസാരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സഹായത്തിനായി മാമ്പുഴക്കരിയിലെ വീട്ടില്‍ കൃഷ്ണമ്മയോടൊപ്പം താമസമാക്കിയത്. വീട്ടുസാധനങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങാനും മറ്റാവശ്യത്തിനും കൃഷ്ണമ്മയോടൊപ്പം ഇവരും പുറത്തുപോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച പകലും ഇവര്‍ ഒന്നിച്ച് പുറത്തുപോയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് രണ്ടുമുറികളിലായാണ് ഇവര്‍ കിടന്നത്.

പുലര്‍ച്ചെ രണ്ടുമണിയോടെ വീട്ടിലെത്തിയ മൂവര്‍ സംഘമാണ് കൃഷ്ണമ്മയെ ആക്രമിച്ചത്. പിന്‍വാതിലിലൂടെയാണ് ഇവര്‍ അകത്തുകയറിയതെന്നാണ് പോലീസ് പറയുന്നത്. വാതില്‍ അകത്തുനിന്നു തുറന്നുകൊടുക്കുകയായിരുന്നു. പുറത്ത്, പൊളിക്കാനായി ബലംപ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ല.
വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതാണ്. കഷ്ടിച്ച് ബൈക്ക് മാത്രം കടന്നുവരുന്ന വഴിയില്‍ വീടിനു തൊട്ടുമുന്‍പായി ഒരു നാട്ടുതോടുണ്ട്. ഇവിടെ ചെറിയ ഇരുമ്പുപാലം വീട്ടിലേക്കു കയറാനായിട്ടിട്ടുണ്ട്. ചുറ്റുപാടും വീടുകളുള്ള ഇവിടെ മതില്‍പോലുമില്ല. ഒരാഴ്ച വീട്ടില്‍ താമസിച്ച യുവതി കൃത്യമായ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കവര്‍ച്ചാസംഘം എത്തിയതെന്നു പോലീസ് കരുതുന്നതും അതുകൊണ്ടുതന്നെ.
യുവതിയുടെ സുഹൃത്തുക്കളാണ് കവര്‍ച്ചയ്ക്കയായെത്തിയത് എന്നു പോലീസിനു സൂചനലഭിച്ചിട്ടുണ്ട്. പിടിയിലായ രാജേഷിനെ ചോദ്യംചെയ്തതിലൂടെയാണ് പോലീസ് ഇതു സ്ഥിരീകരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെയും വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ പുറത്തുവിടാത്തത് പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സഹായമാകും എന്നതിനാലാണ്.