IndiaNEWS

സ്ത്രീശാക്തീകരണത്തിനൊപ്പം ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായുള്ള അളന്നുമുറിച്ച രാഷ്ട്രീയ കരുനീക്കം; ബി.ജെ.പിയുടെ ‘സുവര്‍ണ രേഖ’യാകാന്‍ മുന്‍ എ.ബി.വി.പിക്കാരി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടിയപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടിക്കു പുറത്ത് ആദ്യം കേട്ടത് 2 പേരുകളാണ്: പര്‍വേശ് വര്‍മ, രേഖ ഗുപ്ത. ജാട്ട് വിഭാഗക്കാരനെന്നതിനേക്കാള്‍, അരവിന്ദ് കേജ്രിവാളിനെ തോല്‍പിച്ചു എന്നതാണ് പര്‍വേശിന് പരിഗണിക്കപ്പെട്ട യോഗ്യത. സ്ഥാനമൊഴിയുന്നത് വനിതാ മുഖ്യമന്ത്രിയാണെന്നതും എഎപിയുടെ മറ്റു പ്രധാനികള്‍ തോറ്റതിനാല്‍ അതിഷി പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും രേഖയുടെ പേരിനൊപ്പം പരിഗണിക്കപ്പെട്ടു.

മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനായ പര്‍വേശിന് മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവരുമായുള്ള അടുപ്പം പാര്‍ട്ടിക്കാര്‍ എടുത്തുപറഞ്ഞു. മാധ്യമങ്ങള്‍ പര്‍വേശിന്റെ പേര് ഏതാണ്ട് ഉറപ്പിച്ചപ്പോള്‍ അത് പര്‍വേശ് തന്നെ സൃഷ്ടിച്ചെടുക്കുന്ന അതിരുവിട്ട കളിയാണെന്ന് വിമര്‍ശനമുണ്ടായി. കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ, പര്‍വേശിനു സമയമനുവദിച്ചില്ലെന്ന വാര്‍ത്തയും പിന്നാലെ വന്നു.

Signature-ad

ബനിയ, സ്ത്രീവോട്ട് ഘടകം എബിവിപിയില്‍ തുടങ്ങുന്ന സജീവ പ്രവര്‍ത്തനചരിത്രമുള്ള രേഖയ്ക്ക് ആര്‍എസ്എസിന്റെ പിന്തുണയുണ്ടെന്നു വ്യക്തമായിരുന്നു. സംഘം രേഖയുടെ പേരു മാത്രമേ നിര്‍ദേശിച്ചുള്ളു എന്നാണ് സൂചന. പരമ്പരാഗതമായി വ്യാപാരികളായ ബനിയ വിഭാഗത്തില്‍നിന്നാണ് രേഖ. ഡല്‍ഹിയില്‍ ഈ വിഭാഗം ഏതാണ്ട് 7% മാത്രമേയുള്ളു എങ്കിലും ബിജെപിയില്‍നിന്ന് എഎപിയിലേക്ക് ഈ വിഭാഗം പിന്തുണ മാറ്റിയെന്ന വിലയിരുത്തല്‍ നേരത്തേയുണ്ടായിരുന്നു.

ഉത്തരേന്ത്യയില്‍ സ്ത്രീകളുടെ വോട്ട് കൂടുതലായി ബിജെപിക്കു ലഭിക്കുന്നുവെന്ന് കണക്കുകളുണ്ട്. ഈ വര്‍ഷംതന്നെ തിരഞ്ഞെടുപ്പുള്ള ബിഹാറില്‍, 2020 ലെ നിയമസഭയിലേക്ക് ബിജെപി ജയിച്ചതേറെയും പുരുഷന്‍മാരെക്കാള്‍ സ്ത്രീകള്‍ വോട്ടു ചെയ്ത മണ്ഡലങ്ങളിലാണ്. എന്നാല്‍, 14 സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുള്ളപ്പോഴും അതില്‍ ഒന്നുപോലും വനിതയല്ലെന്നത് പോരായ്മ തന്നെയായി പാര്‍ട്ടി വിലയിരുത്തിയിരുന്നു. ആ കുറവു പേരിനെങ്കിലും പരിഹരിച്ചു.

വനിതാ സംവരണ ബില്‍ പാസാക്കിയെങ്കിലും നടപ്പാക്കുന്നില്ലെന്ന വിമര്‍ശനത്തെ അങ്ങനെ ഒരുപരിധിവരെ പ്രതിരോധിക്കാമെന്നാണ് പ്രതീക്ഷ. രാജ്യാന്തര പരിപാടികളിക്ക് വേദിയാവാറുള്ള ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ മുഖമായി വനിതയെ അവതരിപ്പിക്കുന്നതിന്റെ മെച്ചവുമുണ്ട്.

രേഖ ഗുപ്ത മുഖ്യമന്ത്രിയാകുന്നതോടെ, ഒബിസി വിഭാഗത്തിലേക്ക് ബിജെപി തങ്ങളുടെ തന്ത്രപ്രധാനമായ സ്വാധീനമുറപ്പിക്കുക കൂടിയാണ്. ഡല്‍ഹി വോട്ടര്‍മാരില്‍ 30 ശതമാനമാണ് ഒബിസി വിഭാഗം. ജാട്ടുകള്‍, ഗുജ്ജറുകള്‍, യാദവര്‍, ഗുപ്തകള്‍ എന്നീ സമുദായങ്ങള്‍ ഒബിസിയില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ മാത്രമല്ല, മറ്റുസംസ്ഥാനങ്ങളിലും അതുവഴി ഒബിസി വോട്ടര്‍മാരെ പാട്ടിലാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ രേഖ ഗുപ്തയുടെ മുഖ്യമന്ത്രി സ്ഥാനം ചലനങ്ങള്‍ ഉണ്ടാക്കും. ബിഹാറിലെ വോട്ടര്‍മാരില്‍ 63 ശതമാനം ഒബിസികളാണ്. ഡല്‍ഹിയില്‍ ഒബിസി നേതാവിനെ ഉയര്‍ത്തിക്കാട്ടുക വഴി ബിഹാറില്‍ ആര്‍ജെഡിയുടെ സ്വാധീനം ദുര്‍ബലമാക്കാനും തങ്ങളുടെ സ്വാധീനം വിപുലമാക്കാനും ബിജെപി ലക്ഷ്യമിടുന്നു.

ബിഹാറിന് പുറമേ ഒബിസി വോട്ടര്‍മാര്‍ ഗണ്യമായ പങ്കുവഹിക്കുന്ന യുപിയിലും ബിജെപി ഒരു കണ്ണുവയ്ക്കുന്നു. യുപിയിലെ ഒബിസികളിലെ 52 ശതമാനത്തില്‍ 43 ശതമാനവും യാദവി ഇതര വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ സമാജ് വാദി പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുമാണ്. അതില്‍ വിള്ളലുണ്ടാക്കാമെന്ന് ബിജെപി കരുതുന്നു.

അതിനൊപ്പം മൂന്നുപതിറ്റാണ്ടുകാലത്തെ ശക്തമായ ആര്‍എസ്എസ് ബന്ധവും രേഖ ഗുപ്തയുടെ നിയമനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയകാലത്ത് എബിവിപിയിലാണ് രേഖ പ്രവര്‍ത്തിച്ചത്. അഭിഭാഷകയായ ഗുപ്ത, 1996 മുതല്‍ 1997 വരെ ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. പിന്നീട് മുനിസിപ്പല്‍ രാഷ്ട്രീയത്തിലേക്ക് മാറി, 2007 ല്‍ ഉത്തരി പിതംപുരയില്‍ (വാര്‍ഡ് 54) നിന്ന് ഡല്‍ഹി കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും 2012 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപി ഡല്‍ഹി മഹിള മോര്‍ച്ച ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചതിന് പുറമേ, പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍ അംഗവുമാണ്.

അതുകൊണ്ട് രേഖയെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം ഭരണപരം മാത്രമല്ല ക്യത്യമായ കണക്കുകൂട്ടലോടെയുളള രാഷ്ട്രീയ നീക്കം കൂടിയാണെന്ന് വിലയിരുത്തേണ്ടി വരും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: