
‘മീനും പാലും ഒരുമിച്ച് കഴിക്കരുതെ’ന്ന് പലപ്പോഴും നാം കേട്ടിട്ടുള്ള നിര്‍ദേശമാകും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമാണെന്നും, വെള്ളപ്പാണ്ട് പോലുള്ള രോഗങ്ങളുണ്ടാക്കുമെന്നുമാണ് അവകാശവാദം. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ഈ വാദത്തിന് വലിയ രീതിയില്‍ പ്രചാരം ലഭിക്കുന്നുമുണ്ട്. എന്നാല്‍ ഈ വാദത്തില്‍ യാഥാര്‍ത്ഥ്യമുണ്ടോ? ഇല്ലെന്ന് ഒറ്റവാക്കില്‍ തന്നെ ഉത്തരം പറയാം.
പാലും മീനും ഒന്നിച്ച് കഴിക്കുന്നത് വെള്ളപ്പാണ്ട് രോഗം ഉണ്ടാക്കുമെന്ന് തെളിയിക്കുന്ന യാതൊരു തരത്തിലുള്ള ശാസ്ത്രീയ തെളിവുകളുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളപ്പാണ്ട് രോഗമുള്ളവര്‍ പാലും മീനും ഒരേ സമയം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എന്നാല്‍ ഇവ ഒരുമിച്ച് കഴിക്കുന്നത് രോഗമുണ്ടാക്കുമെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളോ ഡാറ്റകളോ ഇല്ലെന്നും ഇന്ത്യന്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജിയില്‍ പബ്ലിഷ് ചെയ്ത ലേഖനത്തില്‍ പറയുന്നു.

മത്സ്യം, പാല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭക്ഷണമോ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആ ഭക്ഷണം ദഹിപ്പിക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ന്യൂഡല്‍ഹി എയിംസിലെ ന്യൂട്രീഷ്യനിസ്റ്റ് ഡോ. കപില്‍ ഉമേഷ് ദ വീക്കിന്റെ ഫാക്ട്ചെക്ക് ടീമിനോട് പ്രതികരിച്ചു. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണത്തോട് അലര്‍ജിയുണ്ടാക്കാം. അതിനാല്‍ അത് ദഹിപ്പിക്കാന്‍ കഴിയില്ല. ഇതുമൂലം അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും ചെയ്യാം. എന്നാല്‍ മീനും പാലും ഒരുമിച്ച് കഴിക്കുന്നത് വെള്ളപ്പാണ്ട് പോലുള്ള രോഗാവസ്ഥയ്ക്ക് കാരണമാകില്ലെന്നും ഡോ. കപില്‍ പറഞ്ഞു.
‘പണ്ട് മുതല്‍ നമ്മള്‍ കേട്ടുവളര്‍ന്നു വന്ന ഒരു പഴഞ്ചൊല്ല് മാത്രമാണിത്. ഇതില്‍ യാതൊരു സത്യവുമില്ല. ചിലരില്‍ അലര്‍ജിക്ക് സാധ്യതയുണ്ടെങ്കില്‍ കൂടി, ഭക്ഷണക്രമം മൂലമല്ല വെള്ളപ്പാണ്ട് അല്ലെങ്കില്‍ അത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.