
വയനാട്: തലപ്പുഴ കമ്പമലയില്‍ കാട്ടുതീ പടര്‍ത്തിയതില്‍ കസ്റ്റഡിയിലായ സുധീഷ് കഞ്ചാവ് കേസില്‍ മുങ്ങി നടക്കുന്ന പ്രതി. തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് കഴിഞ്ഞദിവസമാണ് പിടിയിലായത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ ഇയാളെ വനത്തിനുള്ളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് കണ്ടെത്തല്‍. സംശയാസ്പദമായ സാഹചര്യത്തില്‍ വനത്തില്‍ കണ്ടതിനാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാട്ടുതീ പടരുകയും അണക്കുകയും ചെയ്ത പ്രദേശത്തിന് തൊട്ടടുത്തായി ഇന്നലെ വീണ്ടും തീ കണ്ടതോടെ, അഗ്‌നിരക്ഷാ സേനയും വനപാലകരും ചേര്‍ന്ന് തീയണച്ചെങ്കിലും പുല്‍മേടുകള്‍ക്ക് ബോധപൂര്‍വം ആരോ തീ വെച്ചതാണോ എന്ന സംശയം വനം വകുപ്പിനുണ്ടായിരുന്നു.

സംശയം ശരിവെക്കും വിധം വൈകുന്നേരത്തോടെ വിവിധ കേസുകളില്‍ പ്രതിയായി മുങ്ങി നടക്കുന്ന തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് എന്ന 27കാരനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ കഞ്ചാവ് കേസിലും വാഴകൃഷി വെട്ടി നശിപ്പിച്ച കേസിലും ഇയാളെ പോലീസ് പിടികൂടിയിരുന്നു. ഇന്നലെ പടര്‍ന്ന കാട്ടു തീയില്‍ രണ്ടു മലകളിലെയും പുല്‍മേടുകളും ചെടികളുമടങ്ങിയ അടിക്കാട് പൂര്‍ണമായി കത്തി നശിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. ഇന്ന് വീണ്ടും തീ പടര്‍ന്നതോടെയാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തില്‍ വനംവകുപ്പ് എത്തിയത്.