
പത്തനംതിട്ട: നാട്ടിലേക്കുള്ള അവസാന ബസും സ്റ്റാന്‍ഡ് വിട്ടു. ഓട്ടോറിക്ഷയില്‍ വീടുപിടിക്കാന്‍ കീശകാലി. ലഹരി തലയ്ക്കുപിടിച്ച യുവാവ് മറ്റൊന്നും ചിന്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി അത് സ്റ്റാര്‍ട്ടുചെയ്തു. പിന്നോട്ടെടുത്ത് വണ്ടി തിരിച്ചപ്പോഴേക്കും യാത്രക്കാര്‍ തടഞ്ഞു. ഒടുവില്‍ യുവാവ് അഴിക്കുള്ളിലുമായി.
തിരുവല്ല കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ ഞായറാഴ്ച രാത്രിയിലാണ് ഓര്‍ഡിനറി ബസ് ഓടിച്ച് കൊണ്ടുപോകാന്‍ യുവാവ് ശ്രമിച്ചത്. ആഞ്ഞിലിത്താനം മാമന്നത്ത് ജെബിന്‍ (34) ആണ് പ്രതി.

മല്ലപ്പള്ളി റൂട്ടിലാണ് ഇയാള്‍ക്ക് പോകേണ്ടിയിരുന്നത്. ഡിപ്പോയില്‍നിന്നുള്ള അവസാന ബസ് രാത്രി എട്ടിന് പോയി. ഇതിനുമുമ്പേ ജെബിനും രണ്ട് സുഹൃത്തുക്കളും സ്റ്റേഷനിലെത്തി മല്ലപ്പള്ളി ബസ് എത്രമണിക്കാണെന്ന് തിരക്കിയിരുന്നു.
ഇവര്‍ പിന്നീട് പലവട്ടം എത്തി ഇനി ബസുണ്ടോയെന്ന് തിരക്കിയെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ 5.45-ന് മല്ലപ്പള്ളിക്ക് ആദ്യ ട്രിപ്പ് പോകേണ്ട ബസ് രാത്രി 10 മണിയോടെ ഡിപ്പോയില്‍ പാര്‍ക്കുചെയ്തിരുന്നു. താക്കോല്‍ എടുക്കാതെയാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ട് ഓഫീസിലേക്ക് പോയത്.
പത്തേകാലോടെ ജെബിന്‍ ഡ്രൈവറുടെ സീറ്റില്‍ കയറി ബസ് സ്റ്റാര്‍ട്ടുചെയ്യുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അധികൃതര്‍, ബസില്‍നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും ജെബിന്‍ കൂട്ടാക്കിയില്ല. പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കൂട്ടുകാര്‍ ഇതിനകം ഓടിപ്പോയിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറായ തനിക്ക് ബസോടിച്ചാല്‍ എന്താണ് കുഴപ്പമെന്നായിരുന്നു ഇയാളുടെ ചോദ്യമെന്ന് ഡിവൈ.എസ്.പി. എസ്.അഷാദ് പറഞ്ഞു.
ജെബിന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ബസ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് ജെബിനെ അറസ്റ്റുചെയ്തത്.