
വാഷിംഗ്ടണ്‍: യുഎസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് നടപ്പിലാക്കി ട്രംപ് ഭരണകൂടം. ഇവരുടെ റിക്രൂട്ട്മെന്റ് നടപടികള്‍ നിര്‍ത്തിവച്ചതായി സൈന്യം അറിയിച്ചു.
ശനിയാഴ്ച(ഇന്ന്) എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് സൈന്യം ഉത്തരവ് നടപ്പാക്കിയതായി അറിയിച്ചത്. ഇതോടൊപ്പം സൈന്യത്തില്‍ നിലവിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള നടപടികളും നിര്‍ത്തിവച്ചു.

”അമേരിക്കന്‍ സൈന്യത്തില്‍ ഇനിമുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ പ്രവേശിപ്പിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിര്‍ത്തും”- എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ഡൊണാള്‍ഡ് ട്രംപ് ട്രാന്‍സ്ജെന്‍ഡറുകളോട് കര്‍ശനമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികര്‍ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ പോലും അച്ചടക്കവും സത്യസന്ധതയും പുലര്‍ത്തില്ലെന്നും സൈന്യത്തോടു കൂറ് പുലര്‍ത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
2016ല്‍ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ വിലക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചുപോന്നിരുന്നത്. അധികാരമേറ്റ ആദ്യ ദിവസങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ‘ട്രാന്‍സ്‌ജെന്‍ഡര്‍ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ടു ലിഗംങ്ങള്‍ മാത്രമേ യുഎസില്‍ ഉണ്ടാകുകയുള്ളൂവെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.