CrimeNEWS

ഭാര്യയ്ക്ക് മറ്റൊരു ബന്ധം, മരിക്കുന്നതിന് മുന്‍പ് വിളിച്ച് കരഞ്ഞു; മകന്റെ മരണത്തില്‍ അസ്വഭാവികതയെന്ന് കുടുംബം

മലപ്പുറം: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകന്റെ ഭാര്യയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12-ന് മരിച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ സുരാജിന്റെ മാതാപിതാക്കളായ സുഖജകുമാരിയും ജയരാജനുമാണ് ആരോപണവുമായെത്തിയത്. മകന്റെ ഭാര്യയായ കന്യാകുമാരി മഞ്ചാലുംമൂട് സ്വദേശിയായ യുവതിക്കെതിരേയാണ് ആരോപണം.

2022 സെപ്റ്റംബര്‍ 12-നായിരുന്നു തിരുവനന്തപുരം വണ്ടിത്തടത്തെ ജെ.എസ്. നിവാസില്‍ സുരാജിന്റെയും യുവതിയുടെയും വിവാഹം. വൈകാതെ ഇരുവരും തമ്മില്‍ അസ്വാരസ്യം പ്രകടമായി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് സുരാജ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് സൂചിപ്പിച്ചു. എതിര്‍ത്തുപറഞ്ഞാല്‍ ഗാര്‍ഹികപീഢനത്തിന് പരാതി നല്‍കി ജയിലിലാക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. വിവാഹംകഴിഞ്ഞ അടുത്തദിവസങ്ങളില്‍ത്തന്നെ സ്വത്തുക്കള്‍ സുരാജിന്റെ പേരിലേക്ക് എഴുതിനല്‍കണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.

Signature-ad

വൈകാതെ സുരാജ് തിരുവനന്തപുരത്തുനിന്ന് സ്ഥലംമാറ്റം വാങ്ങി കൊച്ചിയിലേക്ക് പോയി. അവിടെനിന്ന് സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട്ടേക്ക് എത്തിയ സുരാജ് നാലുമാസം കഴിഞ്ഞപ്പോള്‍ മരിച്ചു. മരിക്കുന്നതിന് ഏതാനും ആഴ്ചമുമ്പ് വീട്ടിലേക്ക് ഫോണില്‍ വിളിച്ച സുരാജ് കരയുകയും ഭാര്യ ഭക്ഷണംതരുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ഇതിനു പിന്നാലെ, സുരാജിന് സ്ട്രോക്കുണ്ടായെന്നും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണെന്നും യുവതി വീട്ടുകാരെ വിവരമറിയിച്ചു.

ആശുപത്രിയില്‍ കാണാനെത്തിയപ്പോള്‍ സുരാജ് സ്ഥിരമായി വല്ല മരുന്നും കഴിക്കുന്നയാളാണോയെന്ന് ഡോക്ടര്‍ ചോദിച്ചതായി ഇവര്‍ പറയുന്നു. ഒരു രോഗവുമില്ലാതിരുന്ന സുരാജ് മരുന്നൊന്നും കഴിക്കാറില്ലെന്നു പറഞ്ഞപ്പോള്‍ മരുന്നു കഴിക്കാറുണ്ടെന്നായിരുന്നു യുവതി പറഞ്ഞത്.

80 വയസ്സിന് മുകളിലുള്ളവര്‍ക്കുവരാറുള്ള തലച്ചോര്‍ ചുരുങ്ങുന്ന രോഗം സുരാജിനുള്ളതായി അന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍നിന്ന് ഫ്‌ളാറ്റിലേക്ക് മാറ്റിയ സുരാജിനെ പിന്നീട് തലവേദനയുണ്ടായപ്പോള്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരാജിനെ കാണാന്‍ യുവതിയെ സമ്മതിക്കാതിരുന്നപ്പോള്‍ ആശുപത്രിക്കാരോടുള്‍പ്പെടെ ബഹളമുണ്ടാക്കിയെന്ന് മാതാപിതാക്കള്‍ പറയുന്നു.

എം.ഫാം. യോഗ്യതയുള്ള, മരുന്നുകളേക്കുറിച്ച് അറിയാവുന്നയാളായ യുവതി തന്റെ മകന് ആവശ്യമില്ലാത്ത ചില മരുന്നുകള്‍ നല്‍കിയിരുന്നതായും അതുകാരണമാണ് മകന്‍ മരിച്ചതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും ആരോപിച്ചു. യുവതിക്കും കുടുംബത്തിനുമെതിരേ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

മൃതദേഹം ദഹിപ്പിച്ചതിനാല്‍ എങ്ങനെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തി അന്വേഷണം നടത്തുകയെന്നാണ് കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടപ്പോള്‍ കിട്ടിയ മറുപടിയെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. പത്രസമ്മേളനത്തില്‍ അഡ്വ. വി.പി. അഷില്‍, കുടുംബസുഹൃത്തായ ബി.ജെ. ജ്യോതിഷ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: