
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ 3 ആളുകള്‍ മരിക്കുകയും മുപ്പതോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എഴുന്നള്ളത്തിനായി നെറ്റിപ്പട്ടം കെട്ടി ഒരുക്കുന്നതിനിടെയാണ് ആനകൾ ഇടഞ്ഞത്.
കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. ആനകളുടെ ചവിട്ടേറ്റാണ് സ്ത്രീകൾ മരിച്ചത്. പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും സമീപത്തെ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളുമാണ്.

സമീപത്തു നിന്നും പടക്കം പൊട്ടിയതിനെ തുടർന്ന് ഭയന്ന ആന പിന്നിൽ നിന്നും കുത്തിയതാണ് ആനയിടയാനുണ്ടായ കാരണം. പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, രണ്ടാമത്തെ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിതാംബരന്‍, ഗോഗുല്‍ എന്നീ ആനകളാണ് വിരണ്ടത്.
ആന മറിഞ്ഞുവീണ ഓഫീസിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. ആന വിരണ്ടതോടെ അവിടെ തടിച്ചുകൂടിയിരുന്ന ആളുകളും ചിതറിയോടി. ആനയുടെ ചവിട്ടേറ്റാണ് സ്ത്രീകള്‍ മരിച്ചതെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.
അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു. ആനകള്‍ ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂരയും ഓഫീസ് മുറിയും തകര്‍ത്തു. 10 വര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ ആനയിടഞ്ഞിരുന്നു.