
കോട്ടയം: ഗാന്ധിനഗര്‍ ഗവ. നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ കൂടുതല്‍ പരാതികള്‍ ഉയരാന്‍ സാധ്യതയെന്ന് പൊലീസ്. കോളജും ഹോസ്റ്റലും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കും. പ്രശ്‌നം പഠിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതി കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തും.
ഗാന്ധിനഗര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍നിന്നു ലഭിച്ച 6 പരാതികളില്‍ ഒന്നില്‍ മാത്രമാണ് നിലവില്‍ പൊലീസ് കേസെടുത്തത്. കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ആവശ്യമെങ്കില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. എന്നാല്‍ റാഗിങ് സംബന്ധിച്ച് അറിവില്ലായിരുന്ന കോളജ് അധികൃതരുടെ നിലപാടും പൊലീസ് വിശ്വാസത്തില്‍ എടുക്കുന്നില്ല. കുട്ടികള്‍ ക്രൂര പീഡനമേറ്റ് കരഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലും കേട്ടില്ലെന്ന മൊഴിയും അവിശ്വസീയമാണ്. ഇക്കാര്യങ്ങള്‍ പൊലീസ് പരിശോധിക്കും.

പ്രതികളായ സാമൂവല്‍, ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്, വിവേക് എന്നിവരെ കോടതി ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടി. അതിനാല്‍ പ്രതികളുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതി സംഭവം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും.