
കൊച്ചി: ”എനിക്കു പേടിയാണ്. ചെയര്‍മാനോട് സംസാരിക്കാന്‍ എനിക്കു ധൈര്യമില്ല” പരസ്യമായി മാപ്പു പറയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന്, നിലവിലെ സെക്രട്ടറിക്കു നല്‍കാനായി ജോളി എഴുതി, പാതിയില്‍ നിര്‍ത്തിയ കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.’തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍.
എന്റെ ജീവിതത്തിനും ആരോഗ്യത്തിനും അത് ഭീഷണിയായി. അതു കൊണ്ടു ഞാന്‍ നിങ്ങളോട് കരുണയ്ക്കായി യാചിക്കുകയാണ്. എന്റെ വിഷമം മനസ്സിലാക്കി, ഇതില്‍ നിന്നു കരകയറാന്‍ എനിക്കു കുറച്ചു സമയം തരൂ.’ ഇംഗ്ലിഷിലുള്ള, മുഴുമിപ്പിക്കാത്ത കത്തിലെ വരികള്‍ ഇങ്ങനെ പോകുന്നു. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയാകുന്നത്.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെക്കുറിച്ച് സംസാരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. കയര്‍ബോര്‍ഡ് സെക്രട്ടറി ജിതേന്ദ്ര ശുക്ലക്ക് തന്നോട് ദേഷ്യമാണെന്നും ക്രമക്കേടുള്ള ഫയല്‍ മടക്കിയതാണ് ഇതിന് കാരണമെന്നും ജോളി പറയുന്നു.
അതേസമയം, ജോളിയുടെ സംസ്‌കാരം ഇന്ന് രാവിലെ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലാണ്. കയര്‍ ബോര്‍ഡിലെ സെക്ഷന്‍ ഓഫീസര്‍ ആയിരുന്ന ജോളി തലയിലെ രക്തസ്രാവം മൂലം ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. ജോളിയുടെ മരണം കയര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ കുടുംബം ചീഫ് സെക്രട്ടറിക്കും കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ അന്വേഷണം ഉടന്‍ ആരംഭിക്കും.