
ഇന്നലെ കുന്നംകുളത്ത് സമാപിച്ച സിപിഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ ഗുരുവായൂർ മുൻ എംഎൽഎ കൂടിയായ കെ വി അബ്ദുൽ ഖാദറിനെ (60) ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെ കേരളത്തിലെ 14 ജില്ലകളിലും സിപിഎമ്മിന് ജില്ലാ സെക്രട്ടറിമാരായി. പാർട്ടിയുടെ വളർച്ചയുടെയും തലമുറ മാറ്റത്തിന്റെയും സൂചന നൽകിയാണ് 14 ജില്ലകളിലും പുതിയ സെക്രട്ടറിമാരെ സമ്മേളനം തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് വി ജോയി, കൊല്ലത്ത് എസ് സുദേവൻ, പത്തനംതിട്ടയിൽ രാജു എബ്രഹാം, ഇടുക്കിയിൽ സി വി വർഗീസ്, ആലപ്പുഴയിൽ ആർ നാസർ, കോട്ടയത്ത് എ വി റസൽ, എറണാകുളത്ത് സി എൻ മോഹനൻ, തൃശൂരിൽ കെ വി അബ്ദുൽ ഖാദർ, പാലക്കാട് ഇ എൻ സുരേഷ് ബാബു, മലപ്പുറത്ത് വി പി അനിൽ, വയനാട്ടിൽ കെ റഫീഖ്, കോഴിക്കോട് എം മെഹബൂബ്, കണ്ണൂരിൽ എം വി ജയരാജൻ, കാസർകോട് എം രാജഗോപാൽ എന്നിവരാണ് പുതിയ ജില്ലാ സെക്രട്ടറിമാർ.

ഇവരിൽ 6 പേർ ആദ്യമായാണ് സെക്രട്ടറിമാരാകുന്നത്. 8 ജില്ലകളിൽ നിലവിലുള്ള സെക്രട്ടറിമാർ തുടരുകയായിരുന്നു. 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് കടന്നത്. ഡിസംബർ 10ന് കൊല്ലത്ത് തുടക്കം കുറിച്ച ജില്ലാ സമ്മേളനങ്ങൾക്ക് ഇന്നലെ (ചൊവ്വ) തൃശൂർ ജില്ലാ സമ്മേളനത്തോടെ സമാപനമായി.
മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനങ്ങളിൽ ഉയർന്നുവന്ന വിഷയങ്ങളും ചർച്ചകളും സംസ്ഥാന സമ്മേളനത്തിൽ കൂടുതൽ വിശാലമായ രൂപത്തിൽ പരിഗണിക്കപ്പെടും. പാർട്ടിയുടെ ഭാവി പരിപാടികൾക്കും നയങ്ങൾക്കും ഈ സമ്മേളനം രൂപം നൽകും. സംസ്ഥാന സമ്മേളനം കഴിഞ്ഞ് ഏപ്രിലിൽ മധുരയിൽ 24-ാം പാർട്ടി കോൺഗ്രസും നടക്കും.