IndiaNEWS

ലുധിയാന ലക്ഷ്യമിട്ട് കേജ്രിവാള്‍? പഞ്ചാബില്‍ പാളയത്തില്‍ പട, എഎപിയുടെ അടിയന്തര യോഗം നാളെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോട് എതിര്‍പ്പുള്ള എംഎല്‍എമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ്. പാര്‍ട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി. ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പഞ്ചാബിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു.

മുപ്പതോളം എഎപി എംഎല്‍എമാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നാണു പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഈ പശ്ചാത്തലത്തിലാണു എഎപി തിരക്കിട്ടു യോഗം ചേരുന്നത്. പഞ്ചാബിലെ എഎപിയില്‍ ഭിന്നിപ്പുണ്ടാകുമെന്നും സര്‍ക്കാരില്‍ മാറ്റമുണ്ടാകുമെന്നും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ പറഞ്ഞിരുന്നു. 2022ലെ തിരഞ്ഞെടുപ്പില്‍ 92 സീറ്റുമായാണ് എഎപി അധികാരം പിടിച്ചത്. കോണ്‍ഗ്രസിന് 18 സീറ്റിലേ വിജയിക്കാനായുള്ളൂ.

Signature-ad

”ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ തുടക്കമാണ്. കേജ്രിവാളും ഭഗവന്ത് മാനും വ്യാജ വാഗ്ദാനങ്ങളാണു നല്‍കിയത്. ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തില്‍ കേജ്രിവാള്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. അതുവഴി പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗമാകാനാണു ശ്രമം” പ്രതാപ് സിങ് ബജ്വ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയാകാനാണു കേജ്രിവാളിന്റെ നീക്കമെന്നു ബിജെപി നേതാവ് സുഭാഷ് ശര്‍മയും അഭിപ്രായപ്പെട്ടു. 70 ല്‍ 67 എംഎല്‍എമാരുമായി ഡല്‍ഹി ഭരിച്ചിരുന്ന എഎപിക്ക് ഇത്തവണ 22 സീറ്റിലേ ജയിക്കാനായുള്ളൂ. കേജ്രിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സോമനാഥ് ഭാരതി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തോല്‍ക്കുകയും ചെയ്തു.

Back to top button
error: