
തേനി: ഇറച്ചി സൗജന്യമായി നല്‍കാത്തതിന്റെ വിരോധത്തില്‍ ശ്മശാന ജീവനക്കാരന്‍ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മൃതദേഹം കൊണ്ടിട്ടു.
തേനി പഴനിചെട്ടിപ്പട്ടിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ശ്മശാനത്തില്‍ ജോലിചെയ്യുന്ന കുമാര്‍ എന്നയാളാണ് അഴുകിയ മൃതദേഹം ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
മണിയരശന്‍ എന്നയാളുടെ ‘സംഗീത മട്ടണ്‍സ്റ്റാളി’ലായിരുന്നു സംഭവം. നാലുവര്‍ഷം മുമ്പ് ഇതേകടയില്‍ പ്രതിയായ കുമാര്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ തനിക്ക് സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, മട്ടണ് ഉയര്‍ന്നവിലയാണെന്നും സൗജന്യമായി നല്‍കാനാകില്ലെന്നും മണിയരശന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ തിരികെപോയ കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍പൊതിഞ്ഞ് കൊണ്ടുവരികയും ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയുമായിരുന്നു.

ശ്മശാനത്തില്‍ കുഴിച്ചിട്ട മൃതദേഹമാണു കുമാര്‍ പുറത്തെടുത്തതെന്നാണു നിഗമനം. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നെന്നും അസ്ഥികള്‍ പുറത്തുകണ്ടിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. കുറച്ചു ദിവസം മുന്‍പ് മരിച്ച യുവതിയുടെ മൃതദേഹമാണ് കുമാര്‍ ഉപേക്ഷിച്ചതെന്നാണു നിഗമനം.
വിവരമറിഞ്ഞതോടെ ശ്മശാന ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മോര്‍ച്ചറി വാനില്‍ മൃതദേഹം തിരികെ ശ്മശാനത്തിലെത്തിച്ചു. സംഭവത്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതി കുമാര്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.