CrimeNEWS

ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗിക ചുവയോടെ സംസാരം; പിന്നാലെ ‘നിനക്കുള്ള ആദ്യ ഡോസാണിതെ’ന്ന് ഭീഷണി

കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്‌സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വര്‍ണനകളും ലൈംഗിക താല്‍പര്യവും വ്യക്തമാക്കുന്നതാണ് ചാറ്റുകള്‍.

പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ ക്ഷമാപണം നടത്തി സന്ദേശങ്ങള്‍ അയച്ചു. തന്റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്നും ബിസിനസ്പരമായ ബന്ധങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിപ്പിച്ചു. കടമായി നല്‍കിയ പണം തിരിച്ചയക്കരുതെന്നും ‘നീ ഈ സ്ഥാപനത്തിലെ മാലാഖ’ ആണെന്നും വാട്‌സാപ് സന്ദേശത്തിലുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാകരുതെന്ന് യുവതി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളില്‍ വ്യക്തമാണ്. മോശമായ പെരുമാറ്റത്തിനു പലവട്ടം മാപ്പ് പറഞ്ഞ ദേവദാസ്, യുവതി പരുക്കു പറ്റി ആശുപത്രിയിലായശേഷം ഭീഷണി സന്ദേശം അയച്ചു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നായിരുന്നു ഭീഷണി.

Signature-ad

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മാമ്പറ്റയിലെ ഹോട്ടല്‍ ഉടമ ദേവദാസ് (68) ഫെബ്രുവരി 5ന് കുന്നംകുളത്ത് പൊലീസിന്റെ പിടിയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാരായ മറ്റു രണ്ടു പ്രതികള്‍ ഇന്നലെ താമരശ്ശേരി കോടതിയില്‍ കീഴടങ്ങി. പി.െക.റിയാസ്, കെ.ടി.സുരേഷ് ബാബു എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. റിമാന്‍ഡിലുള്ള മൂന്നു പ്രതികളേയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം.

ഫെബ്രുവരി ഒന്നിന് രാത്രി ഹോട്ടലിനു സമീപത്തുള്ള താമസസ്ഥലത്തുവച്ചാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കെട്ടിടത്തില്‍നിന്നു താഴേക്കു ചാടിയ യുവതി സാരമായി പരുക്കേറ്റു ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: