KeralaNEWS

”ഷെറിന്‍ രാത്രി രണ്ടുമണിക്കൂര്‍ സെല്ലിന് പുറത്ത്, മൊബൈലും മേക്കപ്പ് സാധനങ്ങളും, വി.ഐ.പി ജീവിതം”

തൃശ്ശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും വരെ ലഭിച്ചിരുന്നു. ഷെറിന് വി.ഐ.പി. പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി.ഐ.ജി. പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. മന്ത്രിസഭായോഗം ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

2013-ന് ശേഷമുള്ള സമയത്താണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പലസൗകര്യങ്ങളും ലഭിച്ചിരുന്നതായാണ് സുനിതയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല, പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.

Signature-ad

”ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു.

പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാര്‍ക്ക് ജയിലില്‍ നല്‍കുന്നത്. എന്നാല്‍, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങള്‍, ആയിരക്കണക്കിന് രൂപയുടെ മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ കിട്ടിയിരുന്നു. ഇതില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.

ഇതിനുശേഷം സൂപ്രണ്ടും ജയില്‍ ഡി.ഐ.ജി. പ്രദീപും അടക്കമുള്ളവര്‍ എന്നെ ചോദ്യംചെയ്തു. ഭീഷണിപ്പെടുത്തി. പ്രദീപ് സര്‍ ആഴ്ചയിലൊരുദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകീട്ടാണ് വരാറുള്ളത്. ലോക്കപ്പില്‍നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്.

ഒരുമാസത്തിന് ശേഷം ഞാന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് ഈ വിവരങ്ങളെല്ലാം സഹിതം പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്നരീതിയില്‍ ഞാന്‍ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.

പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു. ഞാന്‍ വീണ്ടും വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍നിന്ന് വിയ്യൂരിലേക്ക് മാറ്റി.

ജയിലില്‍ പെരുമാറ്റദൂഷ്യമൊന്നും കാണിക്കാത്തവര്‍ക്കാണ് പരോളിന് പരിഗണനയുള്ളത്. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അഞ്ചോ ആറോ സ്ത്രീതടവുകാരുണ്ട്. അതില്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിന്‍ ഇറങ്ങുന്നതില്‍ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരും ഉണ്ട്. അവര്‍ക്കും ഇളവ് ലഭിക്കണം”, സുനിത പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: