KeralaNEWS

നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജുവാണ് മരിച്ചത്. ജയ്പുരില്‍നിന്നു വെള്ളിയാഴ്ച രാവിലെ 11.30നു ലാന്‍ഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആഭ്യന്തര ടെര്‍മിനലിനു പുറത്തുള്ള ‘അന്നാ സാറ’ കഫേയുടെ പിന്‍ഭാഗത്താണ് അപകടം നടന്നതെന്ന് സിയാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടി കൊണ്ടുള്ള വേലിയുമാണ്.

Signature-ad

കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. സുരക്ഷ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി ചെടിവേലി കടന്ന് മാലിന്യകുഴിയില്‍ വീണതായി തിരിച്ചറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ പുറത്തെടുത്ത ശേഷം പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ കുട്ടിയെ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42നാണ് മരണം സംഭവിച്ചത്. തുടര്‍നടപടികള്‍ക്കായി സിയാല്‍ അധികൃതര്‍ കുടുംബത്തിനൊപ്പമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മാതാപിതാക്കള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സിയാല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: