CrimeNEWS

വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരെ പൊലീസ് മര്‍ദ്ദിച്ചു; ലാത്തിചാര്‍ജ്, സ്ത്രീയുടെ തോളെല്ലിന് പരിക്ക്

പത്തനംതിട്ട: വിവാഹച്ചടങ്ങിനെത്തിയ ദമ്പതികള്‍ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് സംഘം ആരോപിക്കുന്നത്. തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഇന്നലെ രാത്രി 11മണിക്കുശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അബാന്‍ ജംഗ്ഷനില്‍ വഴിയരികില്‍ നിന്ന വരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തില്‍ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

Signature-ad

പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐയും സംഘവുമാണ് മര്‍ദ്ദിച്ചത് എന്നാണ് സംഘം പറയുന്നത്. പത്തനംതിട്ട സ്വദേശിയായ ഒരു സ്ത്രീയെ ഇറക്കുന്നതിനാണ് അബാന്‍ ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയത്. ഈ സ്ത്രീയുടെ ഭര്‍ത്താവിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്താണ് പൊലീസ് അകാരണമായി മര്‍ദ്ദിച്ചതെന്നും സംഘത്തിന്റെ പരാതിയില്‍ പറയുന്നു. ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെ മര്‍ദ്ദിച്ചെന്നും സംഘം ആരോപിച്ചു.

ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഒരു കാരണവുമില്ലാതെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സിത്താര മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കാതെയാണ് മര്‍ദ്ദിച്ചത്. പൊലീസുകാരില്‍ കുറച്ചുപേര്‍ യൂണിഫോമില്‍ അല്ലായിരുന്നുവെന്നും സിത്താര പറഞ്ഞു. അബാന്‍ ജംഗ്ഷനിലെ ബാറിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയതെന്നും ആളുമാറി വിവാഹ സംഘത്തിന് നേരെ ലാത്തിവീശുകയായിരുന്നുവെന്നുമാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: