CrimeNEWS

ഭക്ഷണപ്പൊതിയെന്ന് കരുതി തെരുവുനായ വീട്ടില്‍നിന്ന് കടിച്ചുകൊണ്ടുവന്നത് കഞ്ചാവ് പൊതി; യുവതി അറസ്റ്റില്‍, ഭര്‍ത്താവ് ഒളിവില്‍

പാലക്കാട്: ഭക്ഷണമാണെന്ന് കരുതി വീട്ടില്‍ നിന്നും തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവര്‍. ഷൊര്‍ണൂര്‍ മമ്മിളിക്കുന്നത്ത് മുകേഷിന്റെ വീട്ടില്‍ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവര്‍ കടിച്ചെടുത്തുകൊണ്ട് വന്നത്. കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ വീടിന്റെ പുറത്തേക്കിട്ടതോടെയാണ് പരിസരവാസികള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ പ്രവീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ പ്രവീണയുടെ ഭര്‍ത്താവ് മുകേഷാണ് രണ്ടാം പ്രതി. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.

കയിലിയാട് റോഡില്‍ കിണറ്റിന്‍കരയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. ഇതിന് മുന്‍പും മുകേഷിന് കഞ്ചാവ് ഇടപാടുള്ളതായി നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. നായ കവര്‍ റോഡില്‍ ഇട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കവര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Signature-ad

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിനെ തുടര്‍ന്ന് അധിക കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. മുകേഷിന്റെ വീടിന് മുന്നില്‍ മൂന്ന് കാറുകളുണ്ടായിരുന്നു. ഇതിലൊരു കാറില്‍നിന്നാണ് 50.43 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഭാര്യ പ്രവീണ വീടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് ടോയിലറ്റില്‍ വെള്ളമൊഴിച്ച് കളഞ്ഞതായും കണ്ടെത്തി.

പൊലീസിന്റെ ശാസ്ത്രീയ പരിശോധനാ വിഭാഗമെത്തി ക്ലോസറ്റില്‍നിന്നും സമീപത്തുനിന്നുമായി കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവുണ്ടായിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുകേഷിനെതിരേ മുന്‍പും കഞ്ചാവുകടത്തിനും വില്‍പനയ്ക്കും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ വി രവികുമാര്‍, എസ്‌ഐ എം മഹേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

Back to top button
error: