
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഇന്നു രാത്രി 12വരെയാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടിഡിഎഫ്) നേതൃത്വത്തിലാണ് പണിമുടക്കുന്നത്.
ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, 31ശതമാനം ഡിഎ കുടിശിക അനുവദിക്കുക, റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്ക്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ശമ്പളം നല്‍കുന്നത് മാസം പകുതിയോടെയാണ്. ഇതും സമരത്തിന്റെ മറ്റൊരു കാരണമാണ്. എസ്ടിയു, എഫ്എഫ്‌ജെ എന്നീ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ടിഡിഎഫ് നേതാക്കള്‍ അറിയിച്ചു.

അതേസമയം, പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്നാണ് മാനേജ്മെന്റിന്റെ നിര്‍ദേശം. ക്യാന്റീനുകള്‍ പ്രവര്‍ത്തിക്കണം. വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഡയസ്നോണ്‍ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്ന് ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി, വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് എംഎല്‍എ, ജനറല്‍ സെക്രട്ടറി വി എസ് ശിവകുമാര്‍ എന്നിവര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.