
തിരുവനന്തപുരം: മരണത്തില്‍ ദൂരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് റിട്ട. നഴ്‌സിങ് അസിസ്റ്റന്റിന്റെ മൃതദേഹം പള്ളിയിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിച്ചു. പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം, രാസപരിശോധന എന്നിവയുടെ ഫലം ലഭിക്കണമെന്നും പൊലീസ് പറഞ്ഞു. ധനുവച്ചപുരം വൈദ്യന്‍വിളാകം രാജ് ഭവനില്‍ സെലീനാമ്മയുടെ (75) മൃതദേഹമാണ് മണിവിള ചര്‍ച്ച് സെമിത്തേരിയില്‍ നിന്ന് ഇന്നലെ പുറത്തെടുത്തത്.
ഒറ്റയ്ക്കു താമസിക്കുന്ന സെലീനാമ്മയെ 17നു വൈകിട്ടാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ പിറ്റേന്ന് സംസ്‌കരിച്ചു. മൃതദേഹത്തില്‍ പല ഭാഗത്തും ചതവും പാടുകളും കാണപ്പെട്ടതായി മൃതദേഹം കുളിപ്പിച്ച ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഹൃദ്രോഗം അടക്കം ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആദ്യം സംശയം തോന്നിയില്ല.

എന്നാല്‍ സെലീനാമ്മയുടെ മാല മുക്കുപണ്ടം ആണെന്നും മാല, വള, മോതിരം എന്നിവ അടക്കം അഞ്ചു പവന്‍ വീട്ടില്‍ ഇല്ലെന്നും പിന്നീട് മനസ്സിലായതോടെ മകന്‍ രാജ്കുമാര്‍ പാറശാല പൊലീസിനു പരാതി നല്‍കുകയായിരുന്നു. മുക്കുപണ്ടം ഉപയോഗിക്കാത്ത ആളാണ് സെലീനാമ്മ. മരണത്തിനു പത്ത് ദിവസം മുന്‍പാണ് മൂന്നു പവന്റെ മാല വാങ്ങിയത്.സ്വര്‍ണം പണയം വയ്ക്കാന്‍ രാജ്കുമാര്‍ കൊണ്ടുപോയപ്പോഴാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. സെലീനാമ്മയുടെ ഭര്‍ത്താവ് 20 വര്‍ഷം മുന്‍പ് മരിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മകനും കുടുംബവും വീടു മാറിയതോടെയാണ് സെലീനാമ്മ തനിച്ചു താമസിക്കാന്‍ തുടങ്ങിയത്.