തമിഴ് സിനിമയിൽ ഇനി ചിമ്പുവിന്റെ കാലം: സ്വന്തം നിർമാണ കമ്പനിയിൽ 50-ാമത് ചിത്രം ഒരുങ്ങുന്നു

തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് ചിമ്പു എന്നറിയപ്പെടുന്ന സിലമ്പരസൻ. അഭിനയത്തിന് പുറമെ പുതിയൊരു രംഗത്തേക്ക് കൂടി ചുവടുവെക്കുകയാണ് താരം. സ്വന്തം നിർമ്മാണ കമ്പനിയായ ‘ആത്മൻ സിനി ആർട്‌സി’ന് തുടക്കം കുറിച്ചിരിക്കുകയാണ് ചിമ്പു. തന്റെ 50-ാമത് ചിത്രം ഈ ബാനറിൽ പുറത്തിറങ്ങുമെന്ന പ്രഖ്യാപനവും താരം നടത്തിയിട്ടുണ്ട്. ഈ സുപ്രധാന ചുവടുവെപ്പ് താരത്തിന്റെ കരിയറിൽ ഒരു നാഴികക്കല്ലായി മാറുകയാണ്.
‘അമരൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ ദേശിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിമ്പുവിന്റെ 50-ാമത്തെ സിനിമ. താനും ദേശിംഗും ഒരുപാട് സ്വപ്നം കണ്ട ഒരു പദ്ധതിയാണ് ഈ സിനിമയെന്നും അതിൽ ഹൃദയം നിറയെ പ്രതീക്ഷയുണ്ടെന്നും ചിമ്പു സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ സിനിമ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്നും താരം പറഞ്ഞു.

നിരവധി പ്രതിഭകൾ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ ഛായാഗ്രാഹകരിൽ ഒരാളായ മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിമ്പുവിന്റെ അടുത്ത സുഹൃത്തും സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജ സംഗീതം നൽകുന്നു. പ്രവീൺ ആന്റണിയാണ് എഡിറ്റിംഗ്. ഏഷ്യയിലെ ആദ്യ ബഹിരാകാശ സിനിമയായ ‘ടിക് ടിക് ടിക്കി’ൽ പ്രവർത്തിച്ച എസ് എസ് മൂർത്തി കലാ സംവിധാനം. സൽമാൻ ഖാന്റെ സികന്ദർ സിനിമയിലുടെ പ്രശസ്തനായ കെവിൻ കുമാറാണ് സ്റ്റണ്ട് കൊറിയോഗ്രാഫി. നിരഞ്ജനി അഹാത്തൻ ആണ് സ്റ്റൈലിസ്റ്റ്.
തന്റെ 49-ാമത്തെ സിനിമയുടെ വിവരം പുറത്തുവിട്ട് തൊട്ടടുത്ത ദിവസമാണ് 50-ാമത്തെ സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനവും ചിമ്പു നടത്തിയത്. രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘എസ് ടി ആർ 49’ ൻ്റെ വിശേഷണങ്ങളും ചിത്രീകരണ വിശേഷങ്ങളും ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. തുടർച്ചയായ സിനിമ അപ്‌ഡേറ്റുകൾ ചിമ്പുവിന്റെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.