
സിനിമാ ഭ്രാന്ത് തലയ്ക്കുപിടിച്ച കുട്ടികളെ രാവിലെ 11 മണിക്ക് മുമ്പും, രാത്രി പതിനൊന്ന് മണിക്ക് ശേഷവും തിയറ്ററിലേക്ക് പോകാൻ അനുവദിക്കരുതെന്ന് തെലുങ്കാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. രാംചരൻ നായകനായ ‘ഗെയിം ചേഞ്ചർ’ എന്ന ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് വർധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ആണ് കോടതി ഈയൊരു നിർദേശം സർക്കാരിന് നൽകിയത്.
കേരളത്തിൽ ബോക്സോഫീസ് പരാജയം ഏറ്റുവാങ്ങിയ ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. എന്നാൽ തെലുങ്കാനയിൽ ചിത്രം നല്ല നിലയിൽ ഓടുന്നുണ്ട്. കുട്ടികളെ തിയേറ്ററുകളിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാതാക്കൾ ഗെയിം ചെയ്ഞ്ചർ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തത്. തെലുങ്കിലെ സൂപ്പർസ്റ്റാറാണ് രാംചരൻ.

അതിരാവിലെയും, രാത്രിയും സിനിമ കാണുന്നത് കുട്ടികളുടെ മാനസികവും, ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് കോടതി പറയുന്നു. കേസ് വീണ്ടും ഫെബ്രുവരി 22ന് പരിഗണിക്കും. അതിനിടെ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം.
തെലുങ്കാനയിൽ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ പുലർച്ചെ 1.30ന് അവസാന ഷോ പ്രദർശിപ്പിക്കുന്നുണ്ട്. ഇതൊക്കെ പരിഗണിച്ചാണ് കോടതി നിരീക്ഷണം. തെലുങ്കാനയിൽ കുട്ടികൾക്ക് ഇതുവരെ തീയേറ്ററുകളിൽ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. വിനോദം എന്ന നിലയിൽ കുട്ടികൾ സിനിമയ്ക്ക് തെലുങ്കാനയിൽ വലിയ പ്രാധാന്യമാണ് നൽകിവരുന്നത്, ഒപ്പം താരാരാധനയും.
ഹൈകോടതി നിർദ്ദേശം സിനിമാ പ്രേമികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കുട്ടികൾക്ക് സിനിമ കാണുന്നതിന് നിയന്ത്രണമേർപ്പെടുത്തുന്നത് ശരിയല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഈ ആവശ്യം തങ്ങൾ നേരത്തെ ഉന്നയിക്കുന്നതാണെന്നും കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും പ്രധാനമാണെന്നും മറ്റുചിലർ വാദിക്കുന്നു. ഹൈക്കോടതിയുടെ ഈ നിർദ്ദേശത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കാനിടയുണ്ട്. കേരളത്തിലും ഈ നിർദ്ദേശം നടപ്പിൽ വരുമോ എന്നാണ് ചിലരുടെ ആശങ്ക. കുട്ടികളുടെ തീയേറ്റർ പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതൽ നിയമങ്ങൾ കൊണ്ടുവരുന്നതിനും ഇത് വഴിവെച്ചേക്കാം.