
ഭോപ്പാല്‍: മാതാപിതാക്കളുടെ മരണശേഷം സ്വത്തിന് വേണ്ടി തമ്മില്‍ തല്ലുന്ന മക്കളെ കണ്ടിട്ടുണ്ടാവും എന്നാല്‍ മധ്യപ്രദേശിലെ ഒരു കുടുംബത്തില്‍ അച്ഛന്റെ മൃതദേഹം പങ്കുവെക്കണമെന്ന മകന്റെ ആവശ്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമം. ടികാംഗഡ് ജില്ലയിലെ ലിധോറതാല്‍ ഗ്രാമത്തിലാണ് സംഭവം.
84 കാരനായ ധ്യാനി സിംഗ് ഘോഷിന്റെ സംസ്‌ക്കാരത്തെ ചൊല്ലിയാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഇളയ മകനായ ദേശ്രാജിനൊപ്പമായിരുന്നു പിതാവ് താമസിച്ചിരുന്നത്. ദീര്‍ഘ കാലം രോഗബാധിതനായിരുന്ന പിതാവ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണവിവരം അടുത്ത ഗ്രാമത്തിലുള്ള മൂത്ത മകനായ കിഷനെ അറിയിച്ചു.

സംസ്‌കാരച്ചടങ്ങിനെത്തിയ കിഷന്‍, മൂത്ത മകനെന്ന നിലയില്‍ അന്ത്യ കര്‍മ്മങ്ങള്‍ തനിക്ക് ചെയ്യണമെന്ന് വാദിച്ചു. എന്നാല്‍ അച്ഛന്റെ ആഗ്രഹപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തനിക്ക് തന്നെ ചെയ്യണമെന്ന് ഇളയ മകന്‍ പറഞ്ഞതോടെ തര്‍ക്കം രൂക്ഷമായി.
ഇതോടെ മദ്യലഹരിയിലായിരുന്ന മൂത്ത മകനാണ് പിതാവിന്റെ മൃതദേഹം പകുതിയായി മുറിച്ച് വീതിക്കാമെന്നും പറഞ്ഞത്. തര്‍ക്കം മൂത്തതോടെ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് മകനെ അനുനയിപ്പിക്കുകയും ഇളയ മകന്‍ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തു.