
കോട്ടയം കാരിത്താസ് ജംഗ്ഷനിൽ പൊലീസ് ഉദ്യോഗസ്ഥനെ ഗുണ്ട മർദ്ദിച്ച് കൊലപ്പെടുത്തി. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപത്തെ തട്ടുകടയിൽ അക്രമം അഴിച്ച് വിട്ട ജിബിൻ ജോർജിന്റെ വീഡിയോ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് എടുത്തു. ഇതിൽ പ്രകോപിതനായ ജിബിൻ ശ്യാം പ്രസാദിനെ മർദ്ദിക്കുകയായിരുന്നു. പോലീസുകാരനാണ് മർദ്ദിക്കരുത് എന്ന് തട്ടുകടക്കാരൻ പറഞ്ഞെങ്കിലും ജിബിൻ മർദ്ദനം തുടർന്നു.

പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ.എസ് ഷിജി ഈ സമയം ഇവിടെ എത്തി. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ പിടികൂടുകയും ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ പുലർച്ചെ 4 മണിയോടെ ശ്യം മരിച്ചു.
ശ്യാം പ്രസാദിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ജിബിൻ ജോർജ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ശ്യാം പ്രസാദിൻ്റെ മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ.