
റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയിൽ 3 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജനറൽ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചെയർമാനും ഗതാഗത- ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രിയുമായ ഡോ. റുമൈഹ് അൽറുമൈഹ് അറിയിച്ചു. റിയാദിൽ നടന്ന അന്തർദേശീയ തൊഴിൽ വിപണി സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം അദ്ദേഹം നടത്തിയത്.
കഴിഞ്ഞ 4 വർഷത്തിനിടെ ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും സൗദി പൗരന്മാരുടെ പങ്കാളിത്തം 47 ശതമാനം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 84 ശതമാനം വർധിച്ചത് വലിയ നേട്ടമാണ്. സ്ത്രീകള്‍ ട്രെയിനുകള്‍ ഓടിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ നേട്ടങ്ങളുണ്ടാക്കിയതെന്നും അല്‍റുമൈഹ് പറഞ്ഞു.

ഗതാഗത- ലോജിസ്റ്റിക്‌സ് സേവന മന്ത്രാലയം മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, ഏവിയേഷന്‍, ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ക്ക് പദ്ധതി വികസിപ്പിച്ചെടുത്തതിനാല്‍ വ്യോമയാന, റെയില്‍വേ, നാവിക മേഖലകളില്‍ നാലിരട്ടി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് അല്‍റുമൈഹ് സൂചിപ്പിച്ചു.
വ്യോമയാനം, തുറമുഖം, റെയിൽവേ, ലോജിസ്റ്റിക്സ് സേവന മേഖലകളുടെ സ്വകാര്യവത്കരണം ആരംഭിച്ചതായും ട്രാൻസ്‌പോർട്ട് അതോറിറ്റി മേധാവി വെളിപ്പെടുത്തി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സൗദി പോസ്റ്റ് (സബില്‍), സൗദി അറേബ്യൻ റെയിൽവേ (എസ്.എ.ആർ) എന്നിവ സ്വകാര്യവൽക്കരിക്കപ്പെടുന്ന പ്രധാന മേഖലകളാണ്. ഇത് ഫലപ്രാപ്തി വർധിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും.
സ്വകാര്യവല്‍ക്കരിക്കപ്പെട്ടതോ ഭാവിയില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതോ ആയ ചില കമ്പനികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിൽ സാങ്കേതിക വൈദഗ്ധ്യം പരിശീലിപ്പിക്കുന്നതിന് രാജ്യത്തിനകത്തും പുറത്തുമുള്ള സർവകലാശാലകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും അൽറുമൈഹ് വ്യക്തമാക്കി.