
ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണമെന്ന കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രസ്താവന വിവാദമായി. ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുലജാതർക്ക് നൽകണമെന്നും, ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണർ അല്ലെങ്കിൽ നായിഡുകൾ നോക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കുന്നത് മൂലമാണ് ആദിവാസി മേഖലയിൽ പുരോഗതി ഉണ്ടാകുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പലതവണ ആദിവാസി വകുപ്പ് തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

”2016 മുതൽ ഞാൻ പ്രധാനമന്ത്രിയോട് ആദിവാസി വകുപ്പ് തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാൾ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രിയാകണം.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
അതേസമയം സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ നിരവധി പേർ കടുത്ത വിമർശനവുമായി രംഗത്തെത്തി. ആദിവാസി നേതാവ് സി കെ ജാനു ഈ പ്രസ്താവനയെ ‘തരംതാണ വാക്ക്’ എന്ന് വിശേഷിപ്പിച്ചു. സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ആദിവാസി വകുപ്പുകൾ കൈകാര്യം ചെയ്തത് സവർണരും സവർണ മനോഭാവമുള്ളവരുമാണ്. സുരേഷ് ഗോപിയുടെ പ്രസ്താവന ആദിവാസി വിഭാഗത്തോടുള്ള വംശീയ അധിക്ഷേപമാണെന്നും സി കെ ജാനു പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രസ്താവനയെ ഭരണഘടനാ ലംഘനമെന്ന് സിപിഎം എം പി കെ രാധാകൃഷ്ണൻ വിമർശിച്ചു.
സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്.
ജീർണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപിയെന്നും ഇത്തരം പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ പ്രസ്താവന പിൻവലിച്ചാലും ഇല്ലെങ്കിലും എന്താണ് മാറ്റമെന്നും അദ്ദേഹം ചോദിച്ചു.
ഉന്നതകുലത്തിൽ ജനിക്കാത്തതിൽ ദുഖിക്കുന്നയാളല്ലേ സുരേഷ് ഗോപിയെന്നും പരിഹാസത്തോടെ അദ്ദേഹം പറഞ്ഞു.