
ആലപ്പുഴ: മാന്നാറില്‍ വീടിനു തീവച്ച് വൃദ്ധദമ്പതികളെ കൊന്നത് മകന്‍ വിജയനാണെന്ന് ജില്ല പൊലീസ് മേധാവി എം.പി. മേഹനചന്ദ്രന്‍. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണ്. കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഈ സമയത്താണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് വിജയന്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്.
നേരത്തെ മറ്റൊരു സഹോദരനും മക്കളുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്തു ചെയ്താലും അതെല്ലാം മാതാപിതാക്കള്‍ക്ക് പ്രശ്‌നമായിരുന്നു. അങ്ങനെയാണ് ഇവരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ഇതിനായി പെട്രോള്‍ വാങ്ങി ശേഖരിച്ചു. പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് പ്രതി വീടിനു തീയിട്ടതെന്നും ജില്ല പൊലീസ് മേധാവി മോഹനചന്ദ്രന്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ വീടിനു തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസിനേയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുന്നത്. 92 കാരനായ രാഘവന്റെയും 90 കാരിയായ ഭാര്യ ഭാരതിയുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഇവരുടെ മൂന്നാമത്തെ മകനായ വിജയനെ കാണാനില്ലായിരുന്നു.
സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കളും നാട്ടുകാരും പൊലീസിനു മൊഴി നല്‍കി. കൂലിപ്പണിക്കാരനായ വിജയന്‍ ഉള്‍പ്പെടെ അഞ്ചു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഒരാള്‍ നേരത്തെ മരിച്ചു. സ്വത്തുസംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്ന് മകളും കുടുംബവും വാടകവീട്ടിലേക്ക് മാറിയതോടെയാണ് വീട്ടില്‍ വിജയനും മാതാപിതാക്കളും മാത്രമായത്.