
ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ബിഹാറിനും ആന്ധ്രയ്ക്കും മറ്റും വാരിക്കോരി കൊടുത്തു. പക്ഷേ കേരളത്തെ പൂർണമായി കൈവിട്ടു. കേരളം ആവശ്യപ്പെട്ടതിൽ ഒന്നു പോലും നൽകിയില്ലെന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന ഖ്യാതിയോടെ യാഥാർഥ്യമായ വിഴിഞ്ഞം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ചെലുത്താവുന്ന സ്വാധീനം പോലും കണക്കിലെടുത്തില്ല. 5000 കോടിയുടെ അടിസ്ഥാനസൗകര്യ വികസന പാക്കേജാണ് വിഴിഞ്ഞത്തിനായി ചോദിച്ചിരുന്നത്. കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തി അറിയിച്ചിട്ടും എയിംസിന്റെ കാര്യം കേന്ദ്രം മറന്നു.
വയനാട് തുരങ്കപാതയ്ക്കും സഹായമില്ല. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി കേന്ദ്രം ചെലവഴിക്കേണ്ട തുകയിൽ സംസ്ഥാനം ചെലവിട്ട 3686 കോടി രൂപയും ചോദിച്ചിരുന്നു. പുതിയ ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല, പഴയതിന്റെ കാര്യത്തിൽ ഉറപ്പുമില്ല.

പ്രളയദുരിതം നേരിടാൻ ബിഹാറിനു മാത്രം 11,500 കോടിയുടെ സഹായമാണു പ്രഖ്യാപിച്ചത്. 2 പ്രളയങ്ങൾ അതിജീവിച്ച കേരളത്തിന് ആ വഴിക്കും പരിഗണന കിട്ടിയില്ല. വളത്തിന്റെ സബ്സിഡി കുറച്ചതും തൊഴിലുറപ്പു പദ്ധതി വിഹിതം കുറച്ചതും തിരിച്ചടിയാകും.
ദേശീയപാത വികസനം ഒഴിച്ചു നിർത്തിയാൽ രണ്ടു മോദി സർക്കാരുകളുടെ കാലത്തും ബൃഹദ് പദ്ധതികളൊന്നും കേരളത്തിനു ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ഒരാശ്വാസവും കേന്ദ്രം ബജറ്റിലൂടെ നൽകിയില്ലെന്നതു പ്രതിസന്ധി രൂക്ഷമാക്കും.
ഫണ്ടുകളിലും ഗ്രാന്റുകളിലും കടമെടുപ്പു പരിധിയിലുമെല്ലാം കുറവു വന്ന സാഹചര്യത്തിൽ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. അതു ലഭിച്ചില്ലെന്നതോ പോകട്ടെ ദേശീയപാത സ്ഥലമെടുപ്പിന്റെ 25 ശതമാനം വിഹിതമായി 6000 കോടി രൂപ കേരളം വഹിക്കുന്നതുൾപ്പെടെ ഉള്ള പ്രയാസങ്ങളും പരിഹരിക്കപ്പെട്ടില്ല.
റെയിൽ ബജറ്റിലും നിരാശ
റെയിൽവേ വികസനത്തിലും കേരളത്തിനു കാര്യമായ പരിഗണനയില്ല. ഷൊർണൂർ– എറണാകുളം മൂന്നാം പാതയ്ക്ക് 5 ലക്ഷം രൂപ മാത്രമാണു നീക്കിവച്ചിരിക്കുന്നത്. ആലപ്പുഴ വഴിയുള്ള ഇരട്ടപ്പാത പൂർത്തീകരിക്കുന്നതിനാണ് മുൻഗണന. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെ തുക കുറയ്ക്കുകയും ചെയ്തു.
വില കുറയുന്നതും കൂടുന്നതും
കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവയിലും ഇളവുകളിലും ചില നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിവിധ മേഖലകളെ എങ്ങനെ ബാധിക്കുമെന്നും ഏതൊക്കെ ഉത്പന്നങ്ങളുടെ വില കുറയും, ഏതൊക്കെ ഉത്പന്നങ്ങളുടെ വില കൂടും എന്നും അറിയാം.
വില കുറയുന്നവ
● ജീവൻ രക്ഷാ മരുന്നുകൾ: 36 അവശ്യമരുന്നുകൾക്ക് അടിസ്ഥാന കസ്റ്റംസ് നികുതിയിൽ പൂർണ ഇളവ് നൽകി.
● നിർണായക ധാതുക്കൾ: കോബാൾട്ട് പൗഡർ, ലിഥിയം-അയൺ ബാറ്ററി വേസ്റ്റ്, ലെഡ്, സിങ്ക് ഉൾപ്പെടെ 12 നിർണായക ധാതുക്കൾക്ക് കസ്റ്റംസ് നികുതിയിൽ നിന്ന് ഇളവ്.
● ഇലക്ട്രിക് വാഹന, മൊബൈൽ ബാറ്ററി നിർമ്മാണം: ഇവി ബാറ്ററി ഉത്പാദനത്തിനുള്ള 35 ഉത്പന്നങ്ങളും മൊബൈൽ ഫോൺ ബാറ്ററി നിർമ്മാണത്തിനുള്ള 28 ഉത്പന്നങ്ങൾക്കും കസ്റ്റംസ് നികുതിയിൽ ഇളവ്.
● കപ്പൽ നിർമ്മാണം: കപ്പലുകൾക്കും അവയുടെ ഭാഗങ്ങൾക്കുമുള്ള കസ്റ്റംസ് നികുതിയിലെ ഇളവ് 10 വർഷത്തേക്ക് കൂടി നീട്ടി.
● ഇഥർനെറ്റ് സ്വിച്ചുകൾ: കാരിയർ ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകളുടെ കസ്റ്റംസ് നികുതി 20 ൽ നിന്ന് 10 ശതമായി കുറച്ചു. ഇഥർനെറ്റ് സ്വിച്ചുകൾ എന്നാൽ കമ്പ്യൂട്ടറുകളെയും മറ്റുപകരണങ്ങളെയും ഒരു ശൃംഖലയിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒരുപകരണമാണ്. ഇത് വിവരങ്ങൾ കൈമാറാൻ സഹായിക്കുന്നു.
● ഓപ്പൺ സെൽ ഡിസ്പ്ലേകൾ: ഓപ്പൺ സെൽ ഡിസ്‌പ്ലേകളുടെ കസ്റ്റംസ് തീരുവ 5 ശതമാനമായി കുറച്ചു. ഇത് ടിവി, ലാപ്ടോപ് തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഡിസ്‌പ്ലേ പാനലുകളാണ്. ഈ കുറവ് ഉത്പാദകർക്ക് വലിയ ആശ്വാസമാകും, അതുപോലെ ഉത്പന്നങ്ങളുടെ വില കുറയാനും സാധ്യതയുണ്ട്.
● മത്സ്യം, കടൽ വിഭവങ്ങൾ: മത്സ്യ പേസ്റ്റിന്റെ കസ്റ്റംസ് തീരുവ 30ൽ നിന്ന് 5 ശതമാനമായി കുറച്ചു. ഫ്രോസൺ മത്സ്യത്തിന് ഇപ്പോൾ 5 ശതമാനം നികുതി ഈടാക്കും, ഇത് 30ൽ നിന്നാണ് കുറച്ചത്. ഫിഷ് ഹൈഡ്രോലൈസേറ്റ് നികുതി 15 ൽ നിന്ന് 5 ശതമാനമായി കുറച്ചു.
● തുകൽ: വെറ്റ് ബ്ലൂ ലെതർ കസ്റ്റംസ് നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി. വെറ്റ് ബ്ലൂ ലെതർ എന്നത് തുകൽ ഉൽപാദനത്തിന്റെ ആദ്യ പടിയാണ്. മൃഗങ്ങളുടെ തൊലിയെ സംസ്കരിച്ച്, കൂടുതൽ ഈടുള്ളതും ഉപയോഗയോഗ്യമാക്കുന്നതുമാണ് വെറ്റ് ബ്ലൂ ലെതർ. ഇതിനെ കൂടുതൽ സംസ്കരിച്ചാണ് തുകൽ ഉൽപ്പന്നങ്ങളായ ബാഗുകൾ, ഷൂസുകൾ, ബെൽറ്റുകൾ തുടങ്ങിയവ ഉണ്ടാക്കുന്നത്.
വില കൂടുന്നവ
● ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകൾ: ഫ്ലാറ്റ് പാനൽ ഡിസ്പ്ലേകളുടെ കസ്റ്റംസ് നികുതി 10ൽ നിന്ന് 20 ശതമാനമായി കൂട്ടി. ഫ്ലാറ്റ് പാനൽ ഡിസ്പ്ലേ എന്നാൽ ടിവികളിലും മൊബൈൽ ഫോണുകളിലും കാണുന്ന സ്ക്രീനുകളാണ്.
● സാമൂഹിക ക്ഷേമ സെസ്: സാമൂഹിക ക്ഷേമ സെസ് എന്നത് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങളുടെ മേൽ ഈടാക്കുന്ന ഒരു തുകയാണ്. ഇത് സാധാരണയായി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു. എന്നാൽ ഇപ്പോൾ ഏകദേശം 82 ഉത്പന്നങ്ങളുടെ മേൽ ഈ ഇളവ് ഒഴിവാക്കിയിരിക്കുന്നു. ഇതിന്റെ ഫലം ഈ ഉത്പന്നങ്ങളുടെ വില വർദ്ധിക്കും എന്നതാണ്.