CrimeNEWS

പിതാവിന്റെ അവിഹിത ബന്ധം: 16കാരനായ മകൻ അച്ഛൻ്റെ 24കാരിയായ കാമുകിയെ കൊലപ്പെടുത്തി, സംഭവം കൊൽക്കത്തയിൽ; അമ്മയും കൂട്ടാളിയും അറസ്റ്റിൽ

   പിതാവിന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ 16 കാരനായ മകൻ 24കാരിയായ അച്ഛൻ്റെ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പതിനാറുകാരന്റെ അമ്മയെയും കൂട്ടാളിയായ 22കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ ഇ.എം ബൈപാസ് റോഡിലുള്ള ചായക്കടയിൽ വച്ചായിരുന്നു സംഭവം.  രാത്രി 9 മണിയോടെ യുവതി പ്രതിയുടെ പിതാവിനൊപ്പം ചായക്കടയിൽ എത്തിയപ്പോഴാണ് 16കാരൻ കൊലപ്പെടുത്തിയത്.

യുവതിയെ ഉടൻതന്നെ എൻആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രതി ഉപയോഗിച്ച മൂർച്ചയേറിയ ആയുധം  പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിതാവിന്റെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടർന്നാണ് 16കാരനും അമ്മയും ചേർന്നു കൊലപാതകത്തിനു പദ്ധതിയിട്ടത്. പിതാവ് ഇവിടെയുണ്ടെന്നു തിരിച്ചറിഞ്ഞത് കാറിന്റെ ജിപിഎസ് പരിശോധിച്ചാണ്. പ്രതി പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ആരുടെയും പേര് പുറത്തുവിട്ടിട്ടില്ല.

Signature-ad

  പ്രതിയുടെ പിതാവും യുവതിയും കാറിൽ ചായക്കടയിൽ എത്തിയതിനു പിന്നാലെ 16കാരനും അമ്മയും സഹായിയായ 22കാരനും മറ്റൊരു കാറിൽ എത്തുകയായിരുന്നു. കാറിലിരുന്ന് ചായ കുടിച്ച യുവതിക്കു നേരെ പാഞ്ഞടുത്ത 16കാരൻ ഡോർ തുറന്ന് വലിച്ചിറക്കി കത്തികൊണ്ട് കുത്തുകയായിരുന്നു. പിന്നാലെ  എത്തിയ പ്രതിയുടെ അമ്മയും കൂട്ടാളിയും യുവതിയെ മർദ്ദിക്കുകയും ചെയ്തു. അലറിവിളിച്ച്, കുതറിമാറി യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 16കാരൻ പിന്നാലെ ചെന്ന് റോഡിലേക്ക് ഇറങ്ങിയ യുവതിയെ വീണ്ടും കുത്തിവീഴ്ത്തി.

ഉടൻതന്നെ പ്രദേശവാസികൾ  പ്രഗതി മൈതാൻ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അതേസമയം, പ്രതിയുടെ പിതാവിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. യുവതി മറ്റൊരാളെ വിവാഹം കഴിച്ചിരുന്നതാണെന്ന് അന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: