
ഭോപ്പാല്‍: പോലീസുകാര്‍ സ്പാ സെന്ററിലെ മസാജില്‍ മുഴുകവെ കൂടെയുണ്ടായിരുന്ന മോഷണക്കേസിലെ പ്രതി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. കവര്‍ച്ചാ കേസിലെ പ്രതിയായ രോഹിത് ശര്‍മ്മയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സ്പാ സെന്ററില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2024 ഡിസംബറില്‍ 18 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് രോഹിത് ശര്‍മ്മയെ പോലീസ് പിടികൂടിയത്. ഡിസംബര്‍ 30ന് നാഗ്ദ നഗരത്തിലെ മദ്യവ്യാപാരിയുടെ ഓഫീസിലാണ് മോഷണം നടന്നത്. ഈ കേസില്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഉജ്ജെയിനിലെ സബ് ജയിലില്‍ വിചാരണ കാത്തുകഴിയുകയായിരുന്നു ഇയാള്‍.

രോഹിതിന്റെ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായാണ് ഇയാളെ ജയിലിനുപുറത്തേക്ക് കൊണ്ടുവന്നത്. ജയില്‍ ചീഫ് ഗാര്‍ഡായ രാജേഷും മറ്റൊരു ഉദ്യോഗസ്ഥനായ നിതിനും ചേര്‍ന്നാണ് രോഹിതിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച 11 മണിയോടെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. പന്ത്രണ്ടരയോടെ ഇവര്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങുകയും ചെയ്തു.
എന്നാല്‍, പ്രതിയേയും കൊണ്ട് നേരെ ജയിലിലേക്ക് വരുന്നതിന് പകരും പോലീസുകാര്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള സ്പായിലേക്ക് ഇയാളേയും കൊണ്ടുപോകുകയായിരുന്നു. പോലീസുകാര്‍ സ്പാ സെന്ററിലെ മസാജില്‍ മുഴുകിയ നേരം പ്രതി രക്ഷപ്പെടുകയും ചെയ്തു.
ചൊവ്വാഴ്ച ആറ് മണിയോടെയാണ് രോഹിത് ശര്‍മ്മ തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട വിവരം ജയില്‍ ഗാര്‍ഡായ രാജേഷ് അധികൃതരെ അറിയിച്ചത്. എന്നാല്‍, പോലീസുദ്യോഗസ്ഥരുടെ മൊഴിയില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടായ എസ് എസ് റണാവതിന് സംശയം തോന്നി. അദ്ദേഹം പോലീസുദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്തു. എന്തുകൊണ്ട് ആശുപത്രിയില്‍ നിന്ന് പ്രതി രക്ഷപ്പെട്ട സമയത്ത് തന്നെ ആ വിവരം തങ്ങളെ അറിയിച്ചില്ലെന്ന് ഇദ്ദേഹം ചോദിച്ചു.