രാത്രി ഉറങ്ങാന്‍ എസിയും ഫാനും ഓണ്‍ ചെയ്ത് വയ്ക്കുന്നവര്‍ സൂക്ഷിച്ചോ…

വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്ന വേനലില്‍ വന്‍കൊയ്ത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. രാത്രികാല വൈദ്യുതിക്ക് 25 % അധികനിരക്ക് കൊടുക്കേണ്ടിവരും. കിടന്നുറങ്ങാന്‍ എ.സിയും ഫാനും കൂളറും ഓണ്‍ ചെയ്ത് വയ്ക്കുന്നവര്‍ സൂക്ഷിക്കേണ്ടിവരും. ഇല്ലെങ്കില്‍, പോക്കറ്റ് കാലിയാകും.
നിലവില്‍ 500 യൂണിറ്റില്‍ കൂടുതല്‍ പ്രതിമാസം ഉപയോഗിച്ചാലാണ് ടൈം ഓഫ് ഡേ ബില്ലിംഗ് (ടി.ഒ.ഡി) സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.കഴിഞ്ഞ താരിഫ് പരിഷ്‌ക്കരണത്തില്‍ 250 യൂണിറ്റ് ഉപയോഗിക്കുന്നവരെയും ഈ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 30ലക്ഷം പേരും ഈ വിഭാഗത്തിലാകും.

പുതുതായി ടി.ഒ.ഡി.യിലേക്ക് ഉള്‍പ്പെടുത്തുന്നവയില്‍ മൂന്നു ലക്ഷത്തോളം കണക്ഷനുകള്‍ക്ക് ബില്ലിംഗിന് അനുയോജ്യമായ മീറ്ററില്ല. 5.4 ലക്ഷം മീറ്ററിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന മുറയ്ക്ക് ടി.ഒ.ഡി വ്യാപിക്കും.ഏപ്രിലോടെ ആ പരിധിയില്‍ വരുന്ന എല്ലാ ഉപഭോക്താക്കളും ടി.ഒ.ഡിയിലാകും.
പകല്‍ നിരക്ക് കുറയും രാത്രി വര്‍ദ്ധിക്കും
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ 10% നിരക്കിളവും വൈകിട്ട് 6 മുതല്‍ രാത്രി 10വരെ 25% അധികനിരക്കും രാത്രി 10 മുതല്‍ രാവിലെ 6 വരെ സാധാരണ നിരക്കുമാണ് ടി.ഒ.ഡിയുടെ പ്രത്യേകത.
പുരപ്പുറ സോളാര്‍ വ്യാപകമായതോടെ ഗ്രിഡിലേക്കു പരിധിയിലധികം സൗരോര്‍ജം ലഭിക്കുന്നതിനാലാണ് പകല്‍ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പകല്‍നിരക്ക് കുറച്ചത്.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണെങ്കിലും പകല്‍ 10% വൈദ്യുതി നിരക്ക് കുറയുമെന്നതിനാല്‍ അരിമില്ല്, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍, ചെറിയ വര്‍ക്ക് ഷോപ്പുകള്‍, തയ്യല്‍ യൂണിറ്റുകള്‍ തുടങ്ങി ഒന്നര ലക്ഷത്തോളം ചെറുകിട യൂണിറ്റുകള്‍ക്കു ഗുണകരമാകും. എന്നാല്‍, വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ 50 % അധികനിരക്ക് നല്‍കേണ്ടി വരുമെന്ന ഭീഷണിയുണ്ട്.