CrimeNEWS

ചിറക്കടവില്‍ വീട്ടിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ നാട്ടുകാര്‍ പിടികൂടി; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആശുപത്രിയിലെത്തിച്ചപ്പോള്‍ നഴ്‌സിനെയും ആക്രമിക്കാന്‍ ഒരുങ്ങി

കോട്ടയം: വീട്ടിനുള്ളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ പിടികൂടി നാട്ടുകാര്‍. മണിക്കൂറുകള്‍ പണിപ്പെട്ടാണ് നാട്ടുകാരുടെ സഹായത്തോടെ അക്രമകാരിയെ പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ പൊന്‍കുന്നം ചിറക്കടവ് കോടങ്കയത്താണ് സംഭവം. തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്.

ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ നഴ്‌സിനെയും ആക്രമിക്കാന്‍ ഒരുങ്ങി. ആശുപത്രിയില്‍ നിന്നും ഓടിപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് പിടികൂടി. രാവിലെ ചിറക്കടവിലുള്ള കുളവട്ടം തോമസുകുട്ടിയുടെ റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ യുവാവിനെ റബര്‍ വെട്ട് തൊഴിലാളിയാണ് കണ്ടത്. ജോലിക്കാരും തോമസ്‌കുട്ടിയും ഭാര്യയും ചേര്‍ന്ന് അക്രമിയെ ഓടിച്ചു.

Signature-ad

തുടര്‍ന്ന് സമീപത്തുള്ള വീട്ടുമുറ്റത്ത് എത്തിയയാള്‍ വീടിന്റെ മുന്‍വാതിലിലൂടെ അകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും അത് പൂട്ടിയിരുന്നു. ബഹളം കേട്ട് അടുക്കള വാതില്‍ തുറന്ന് വീട്ടമ്മയായ ലത ഇറങ്ങി ഓടിയപ്പോള്‍ അതുവഴി വീട്ടിനുള്ളില്‍ പ്രവേശിച്ചു. പിന്നീട് നാട്ടുകാര്‍ വീടിന്റെ വാതിലുകള്‍ പൂട്ടി അക്രമിയെ അകത്താക്കി. ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു. വീട്ടിനുള്ളില്‍ വച്ച് ശരീരത്തില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു.

പോലീസെത്തിയപ്പോള്‍ പോലീസിന്് നേരെ തിരിഞ്ഞു. കീഴടങ്ങാന്‍ സമ്മതിക്കാതെ ബലം പ്രയോഗിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടുന്നത്്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നഴ്‌സിനെയും ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. മണിമല പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന്റെ ഞെട്ടലിലാണ് സമീപവാസികള്‍. വീട്ടമ്മയും അക്രമിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചു കൂടി. മാനസികാസ്വസ്ഥ്യം ഉള്ളയാളെന്നാണ് പോലീസ് പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: