വിധിയുടെ ക്രൂരത: ഇന്ന് വിവാഹം, വരൻ ഇന്നലെ രാത്രി വാഹനാപകടത്തിൽ മരിച്ചു

ഇന്ന് രാവിലെ കുറവിലങ്ങാട് ഇലക്കാട് പള്ളിയിൽ വിവാഹം. അതിൻ്റെ ഓട്ടത്തിലായിരുന്നു പ്രതിശ്രുത വരനായ ജിജോമോൻ എന്ന 22 കാരൻ. പക്ഷേ വിധി ഇന്നലെ രാത്രി ദയാരഹിതമായി ആ ചെറുപ്പക്കാരൻ്റെ പ്രാണൻ കവർന്നു കൊണ്ടു പോയി. എംസി റോഡിൽ കാളികാവ് പള്ളിക്കു സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് ജിജോമോൻ ജിൻസൺ മരിച്ചത്. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകനാണ് ജിജോമോൻ. ബൈക്കിൽ ഒപ്പം സഞ്ചരിച്ച സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിക്കായിരുന്നു അപകടം.
ഇന്ന് രാവിലെ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം. കുറവിലങ്ങാട് ഭാഗത്തു നിന്നു വരുകയായിരുന്നു ബൈക്ക്. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരുകയായിരുന്നു ജിജോ മോനും കൂട്ടുകാരനായ അജിത്തും. എതിർദിശയിൽ വന്ന വാൻ ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോ മോൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.