പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ പേടിച്ചാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് അയല്‍വാസികള്‍. ചെന്താമരയെ ഭയന്ന് വീടിനു പുറത്തെ ടോയ്ലറ്റില് പോലും പോകാറില്ലെന്ന് അയല്‍വാസി പുഷ്പ പറഞ്ഞു. പ്രതി തയ്യാറാക്കിയ കൊല്ലാനുള്ളവരുടെ പട്ടികയില്‍ താന്‍ കൂടി ഉണ്ടെന്നും എപ്പോഴും മരണഭയത്തിലായിരുന്നെന്നും പോത്തുണ്ടി സ്വദേശി പുഷ്പ പറഞ്ഞു.
നിരവധി തവണ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തിയെന്നും പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നാണ് പുഷ്പ പറഞ്ഞത്. തന്നെ വകവരുത്തുമെന്ന് അയല്‍വാസികളോട് ചെന്താമര പറഞ്ഞെന്നുമാണ് പുഷ്പയുടെ വെളിപ്പെടുത്തല്‍.
അതേസമയം, ചെന്താമരയുടെ ഫോണ്‍ സിം ഓണ്‍ ആയി. കോഴിക്കോട് തിരുവമ്പാടിയില്‍ വച്ച് സിം ആക്ടീവ് ആകുകയായിരുന്നു. പ്രതി തിരുവമ്പാടിയില്‍ ക്വാറിയില്‍ ജോലി ചെയ്തതായുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും സിം ഓണ്‍ ആക്കിയത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാകാനുള്ള സാധ്യതയുമുണ്ട്.
ക്വാറിയില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും യാതൊരുവിവരവും കണ്ടെത്താനായില്ലെന്നാണ് വിവരം. പോലീസ് കഴിഞ്ഞ ദിവസവും കോഴിക്കോട് ഉള്‍പ്പെടെ വ്യാപക പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
പ്രതിയുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാലക്കാട് എസ്.പി അജിത്കുമാര്‍ പറഞ്ഞു. പ്രതി നിരവധി സിം കാര്‍ഡുകള്‍ ഉപയോ?ഗിച്ചിരുന്നതായി വിവരമുണ്ടെന്നും എല്ലാ ഫോണ്‍ നമ്പരുകളും ശേഖരിച്ച് വിവരങ്ങള്‍ ക്രോഡീകരിക്കുകയാണെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.