CrimeNEWS

ചോരക്കൊതിയൻ: ഭാര്യയെ  അകറ്റി എന്ന തെറ്റിദ്ധാരണയിൽ  അയല്‍വാസി സജിതയെ ആദ്യം വകവരുത്തി, 5 വർഷത്തിനു ശേഷം സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊന്നു

  ക്രൂരതയുടെ അവതാരമായ ചെന്താമര (58) ആദ്യം കൊന്നത്  സജിത എന്ന വീട്ടമ്മയെ. ഭാര്യയെ തന്നിൽ നിന്നും അകറ്റി എന്ന്  ആരോപിച്ചായിരുന്നു 2019ല്‍  സജിതയെ വകവരുത്തിയത്. ആദ്യ കൊലപാതകത്തിന്റെ തുടർച്ചയായി സജിതയുടെ ഭർത്താവ് സുധാകരൻ അമ്മ ലക്ഷ്മി എന്നിവരെ കഴിഞ്ഞ ദിവസം ക്രൂരമായി വെട്ടിക്കൊന്നു.  സജിത വധക്കേസിന്റെ വിചാരണ ഉടൻ തുടങ്ങാനിരിക്കെയാണ് ചെന്താമര ഈ ഇരട്ടക്കൊലപാതകം നടത്തിയത്.

സജിതയുടെത് കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു. ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരിലെ ജോലി സ്ഥലത്തും മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു 2019 ൽ  സജിതയെ വകവരുത്തിയത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ കാട്ടിനുള്ളിലെ ഒളിത്താവളത്തിൽ നിന്നാണ്   അന്വേഷണസംഘം പിടികൂടിയത്.

Signature-ad

ഒന്നരമാസം മുൻപാണ് കോടതി ചെന്താമരയ്ക്ക് ജാമ്യം നൽകിയത്. ഈ കാലമെല്ലാം ചെന്താമര പക മനസിൽ സൂക്ഷിച്ചു. ചെന്താമര തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന്  കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില പറയുന്നു. സുധാകരനെയും ലക്ഷ്മിയെയും കൊല്ലുമെന്ന് ഇയാള്‍ മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു.

കൊല്ലപ്പെട്ട സുധാകരനും മകളും ഡിസംബർ 29-ന് പരാതി നൽകിയിട്ടും കേസെടുക്കാത്തത് പോലീസിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട്. ചെന്താമരയ്‌ക്കെതിരെ നാട്ടുകാർ നൽകിയ പരാതിയിലും നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ നെന്മാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനും സാധ്യതയുണ്ട്. നേരത്തെ പൊലീസിനെതിരെ സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

മാത്രമല്ല ചെന്താമര സ്വന്തം വീട്ടിൽ താമസിച്ചത് ജാമ്യവ്യവസ്ഥ ലംഘിച്ച്. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നത്.

ഇതിനിടെ ചെന്താമരയെ പിടികൂടാൻ അരക്കമല വളഞ്ഞ് പൊലീസ്.
ഇയാളുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും  കൊലപ്പെടുത്താൻ ഉപയോ​ഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ 7 പേരടങ്ങിയ സംഘം ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധന തുടരുകയാണ്. കയ്യിൽ ഭക്ഷണമോ വെള്ളമോ ഇല്ലാത്തതിനാൽ ചെന്താമരയ്ക്ക് മലയിൽ അധിക നേരം തുടരാൻ സാധിക്കില്ലെന്നും പ്രതി ഉടൻ കാടിറങ്ങുമെന്നുമാണ് കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: